നാഗാലാൻഡ് ബി.ജെ.പി സഖ്യസർക്കാറിന് വിഘടനവാദികളുമായി ബന്ധമെന്ന് ആരോപണം
text_fieldsന്യൂഡൽഹി: നാഗാലാൻഡിലെ എൻ.ഡി.പി.പി-ബി.ജെ.പി-എൻ.പി.എഫ് സഖ്യസർക്കാറിന്‍റെ നിലനിൽപ്പ് ഭീഷണിയിൽ. സർക്കാറിനെ നിയന്ത്രിക്കുന്നത് വിഘടനവാദി സംഘടനയായ എൻ.എസ്.സി.എൻ (ഐ.എം) ആണെന്നും മുഖ്യമന്ത്രി നെഫ്യു റിയോയെ പുറത്താക്കി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നുമുള്ള ആവശ്യവുമായി സംസ്ഥാന കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. എൻ.എസ്.സി.എൻ (ഐ.എം) ഭരിക്കുന്ന സർക്കാറാണ് നാഗാലാൻഡിലുള്ളതെന്നും ജനങ്ങളുടെ സർക്കാറല്ലെന്നും നാഗാലാൻഡ് കോൺഗ്രസ് അധ്യക്ഷൻ കെവെഖാപ്പെ തെരീ പറഞ്ഞു.
നെഫ്യു റിയോയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഗവർണർ ജഗദിഷ് മുഖിക്ക് നിവേദനവും കൈമാറി. നാഗാലാൻഡ് സർക്കാറിലെ ആഭ്യന്തര പ്രശ്നങ്ങൾ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിനെയും സമ്മർദത്തിലാക്കും. 2003 മുതൽ നാഗാലാൻഡിൽ കോൺഗ്രസിന് അധികാരത്തിന് പുറത്താണ്. 2003 മുതൽ നെഫ്യു റിയോയുമായി സഖ്യം ചേർന്നാണ് ബി.ജെ.പി നാഗാലാൻഡിൽ ഭരണം ഉറപ്പിക്കുന്നത്. ബി.ജെ.പിയുടെ സഖ്യകക്ഷിയായ എൻ.ഡി.പി.പിയുടെ അധ്യക്ഷൻ മുൻ മന്ത്രി ചിങ്വാങ് കൊൻയാക് ആണെങ്കിലും മുഖ്യമന്ത്രി നെഫ്യു റിയോ ആണ് പാർട്ടിയിലെ അധികാര കേന്ദ്രം.
നാഗാലാൻഡിലെ സർക്കാറിനെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ കാര്യമായ മാറ്റം കൊണ്ടുവരണമെന്ന് ഒരു വിഭാഗം ബി.ജെ.പി നേതാക്കളും ആവശ്യപ്പെടുന്നുണ്ട്. മേയ് 27ന് ബി.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ വൈ. പാട്ടണിനെ എൻ.എസ്.സി.എൻ (ഐ.എം) രൂക്ഷമായി വിമർശിച്ചിരുന്നു. സർക്കാറിൽ വരെ വിഘടനവാദി സംഘടന ഇടപെടൽ നടത്തുന്നുവെന്നും സംസ്ഥാന സർക്കാർ ഇവർക്ക് ഫണ്ട് നൽകുന്നുവെന്നുമാണ് കോൺഗ്രസ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.