നാഗാലാൻഡിൽ പട്ടിയിറച്ചി വിൽക്കുന്നതിനും പാകം ചെയ്യുന്നതിനും വിലക്ക്
text_fieldsകൊഹിമ: നാഗാലാൻഡിൽ പട്ടിയിറച്ചി വിൽക്കുന്നതും പാകം ചെയ്യുന്നതും നിരോധിച്ചുകൊണ്ട് ഉത്തരവായി. സംസ്ഥാന ചീഫ് സെക്രട്ടറി തെംജെൻ ജോയിയാണ് കാബിനറ്റ് നിർദേശ പ്രകാരം ഉത്തരവിറക്കിയത്. മൃഗസ്നേഹികളുടെ സംഘടനകൾ കാലങ്ങളായി ഉന്നയിച്ചുവരുന്ന ആവശ്യമായിരുന്നു ഇത്.
വ്യാപാര താത്പര്യങ്ങൾ മുൻനിറുത്തി പട്ടികളെ വിൽക്കുന്നതിനും ഡോഗ് മാർക്കറ്റിൽ അവയെ ഭക്ഷണത്തിനായി മുറിച്ചു വിൽക്കുന്നതിനും അടക്കമാണ് നിരോധനം. മാർക്കറ്റിൽ തങ്ങളുടെ ഊഴം കാത്ത് ചാക്കിനകത്ത് കിടക്കുന്ന പട്ടികളുടെ ചിത്രം കൂടി ഉൾപ്പെടുത്തി രാജ്യസഭാ മുൻ എം.പി പ്രിതീഷ് നന്ദി ഇട്ട പോസ്റ്റ് വൈറലായിരുന്നു. ഡോഗ് ബസാറുകളും ഡോഗ് റസ്റ്ററന്‍റുകളും നിർത്തണമെന്നാവശ്യപ്പെട്ട് മനേക ഗാന്ധി നേരത്തേ രംഗത്തെത്തിയിരുന്നു. തനതു സംസ്ക്കാരത്തിന്‍റെ പേര് പറഞ്ഞ് ഇന്ത്യയിൽ നിയമം മൂലം നിരോധിച്ചിട്ടുള്ള കാര്യങ്ങൾ അനുവദിച്ചുകൊടുക്കാൻ കഴിയില്ലെന്നും അവർ ട്വിറ്ററിൽ കുറിച്ചു.
നാഗാലാന്‍റിലും വടക്കുകിഴക്കൻ പ്രദേശങ്ങളിലുമുള്ള ജനത പട്ടിമാംസം കാലങ്ങളായി ഉപയോഗിച്ചുവരുന്നവരാണ്. ഇതിന് വൈദ്യശാസ്ത്രപരമായ ഗുണങ്ങളുണ്ടെന്നും അവർ വിശ്വസിക്കുന്നു. മ്യാൻമർ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നാണ് മിസോറം, നാഗാലാൻഡ്, മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലേക്ക് പട്ടികളെ ഇറച്ചിക്കായി എത്തിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.