നാഗാലാൻഡ് തെരഞ്ഞെടുപ്പ് ബഹിഷ്കരണം: ബി.ജെ.പി പിന്മാറി
text_fieldsകൊഹിമ: ഗോത്രവർഗക്കാരുടെ പ്രശ്നങ്ങളിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് നാഗാലാൻഡിൽ നിയമസഭ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള സർവകക്ഷി തീരുമാനത്തിൽനിന്ന് ബി.ജെ.പി പിന്മാറി. കേന്ദ്രനേതൃത്വത്തിെൻറ ഇടപെടലിനെ തുടർന്നാണിത്. മാത്രമല്ല, ബഹിഷ്കരണത്തിനുള്ള സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ച സംസ്ഥാന നിർവാഹക സമിതി അംഗം ഖേതോ സെമപാർതിയെ സസ്പൻഡ് ചെയ്തു. ഭരണകക്ഷിയായ നാഗ പീപ്ൾസ് ഫ്രണ്ടും കോൺഗ്രസും ബി.ജെ.പിയും ഉൾപ്പെടെ 11 കക്ഷികളാണ് സംയുക്ത യോഗത്തിൽ ബഹിഷ്കരണ തീരുമാനമെടുത്തത്. നാമനിർദേശ പത്രിക സമർപ്പണം ആരംഭിക്കുന്ന ഫെബ്രുവരി ഒന്നിന് സംസ്ഥാന ബന്ദിനും കോർ കമ്മിറ്റി ആഹ്വാനം ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നാണ് ബി.ജെ.പിയുടെ വിശദീകരണം. സർവകക്ഷി യോഗത്തിൽ പെങ്കടുക്കാൻ ഖേതോയെ താൻ ചുമതലപ്പെടുത്തിയിരുന്നുവെന്നും ബഹിഷ്കരണ പ്രസ്താവനയിൽ ഒപ്പുവെക്കാൻ അധികാരപ്പെടുത്തിയില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ വിസസൊലെ ലൊംഗു വ്യക്തമാക്കി. ‘‘ദേശീയ നേതാക്കൾ നാഗ ഗോത്രനേതാക്കളുമായി ചർച്ച നടത്തിയശേഷമേ ബഹിഷ്കരണ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുകയുള്ളൂ. ചർച്ച ഉടൻ നടക്കും’’ -ലൊംഗു അറിയിച്ചു.
കൃത്യസമയത്ത് തെരഞ്ഞെടുപ്പ് നടത്തുകയെന്നത് ഭരണഘടന പ്രക്രിയയാണെന്നും ഭരണഘടനാനുസൃതമായി പ്രവർത്തിക്കാൻ കേന്ദ്രസർക്കാർ ബാധ്യസ്ഥമാണെന്നും നാഗാലാൻഡിലെ പാർട്ടി ചുമതലയുള്ള കേന്ദ്രമന്ത്രി കിരൺ റിജിജു വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.