രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 102 വനിതകളെ വിജയിപ്പിച്ച് നാഗാലാൻഡ്
text_fieldsകൊഹിമ: രണ്ട് ദശാബ്ദക്കാലത്തെ പ്രശ്‌നങ്ങൾക്ക് ശേഷം അടുത്തിടെ നടന്ന നഗര തദ്ദേശ തെരഞ്ഞെടുപ്പിൽ 278 സീറ്റുകളിൽ 102 വനിതകളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുത്ത് നാഗാലാൻഡ് ചരിത്രമെഴുതി. അൺ റിസർവേഷൻ സീറ്റുകളിൽ നിന്ന് എട്ട് വനിതകൾ വിജയിച്ചു.
'നാഗ സ്ത്രീകളേ, ഇത് നിങ്ങളുടെ തെരഞ്ഞെടുപ്പായിരുന്നു. അഭിനന്ദനങ്ങൾ!' ശനിയാഴ്ച തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ ടി. ജോൺ ലോങ്‌കുമർ പറഞ്ഞു. 10 ജില്ലകളിലായി മൂന്ന് മുനിസിപ്പൽ കൗൺസിലുകളിലേക്കും 21 ടൗൺ കൗൺസിലുകളിലേക്കും 24 നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കുമാണ് ബുധനാഴ്ച വോട്ടെടുപ്പ് നടന്നത്. 2.23 ലക്ഷം വോട്ടർമാരിൽ 81 ശതമാനവും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
നാഗാലാൻഡിലെ വനിത സംവരണത്തിനായുള്ള കേസിന് നേതൃത്വം നൽകിയ വനിതാ അവകാശ പ്രവർത്തകയായ റോസ്മേരി ഡിസുവിച്ചു സ്ത്രീകൾക്ക് ക്വാട്ടയുള്ള മുനിസിപ്പൽ തെരഞ്ഞെടുപ്പ് സാധ്യമാക്കുന്നതിൽ സുപ്രീംകോടതി നിർണായക പങ്ക് വഹിച്ചുവെന്ന് സമ്മതിച്ചു. ഈ വിഷയത്തിൽ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി ഫയൽ ചെയ്ത പീപ്പിൾസ് യൂനിയൻ ഓഫ് സിവിൽ ലിബർട്ടീസിൻ്റെ പങ്കും അവർ അംഗീകരിച്ചു.
തുടക്കത്തിൽ 238 സ്ത്രീകൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ കിഴക്കൻ മേഖലയിൽ നിന്നുള്ള 23 പേർ സ്വയംഭരണാധികാരമുള്ള ഫ്രോണ്ടിയർ നാഗാലാൻഡ് ടെറിട്ടറി രൂപീകരണത്തിനായി ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ്റെ (ഇ.എൻ.പി.ഒ) തെരഞ്ഞെടുപ്പ് ബഹിഷ്‌കരണ ആഹ്വാനം കണക്കിലെടുത്ത് പിൻവലിച്ചു. ഇ.എൻ.പി.ഒ.ക്ക് സ്വാധീനമുള്ള 14 ടൗൺ കൗൺസിലുകളുള്ള ആറ് ജില്ലകൾ വോട്ടെടുപ്പിൽ പങ്കെടുത്തിട്ടില്ല. തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞതും പ്രായമുള്ളതുമായ സ്ഥാനാർഥികൾ സ്ത്രീകളായത് സിവിൽ ബോഡി തെരഞ്ഞെടുപ്പിനെ കൂടുതൽ ശ്രദ്ധേയമാക്കി. 22കാരിയായ എൻസൻറോണി ഐ മൊസുയിയാണ് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വനിത. 71കാരിയായ സിബ്യൂലെയാണ് വിജയിച്ച ഏറ്റവും പ്രായം കൂടിയ വനിത.
രണ്ട് പതിറ്റാണ്ടിൻ്റെ ഇടവേളക്ക് ശേഷമാണ് നാഗാലാൻഡ് തദ്ദേശ തെരഞ്ഞെടുപ്പ് പുനരാരംഭിക്കുന്നത്. സർക്കാർ മുമ്പ് നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്താൻ ശ്രമിച്ചിരുന്നുവെങ്കിലും സ്ത്രീ സംവരണത്തിനും ഭൂമിക്കും സ്വത്തിനും മേലുള്ള നികുതിക്കെതിരെ ആദിവാസി സംഘടനകളിൽ നിന്നും സിവിൽ സൊസൈറ്റി സംഘടനകളിൽ നിന്നും എതിർപ്പ് നേരിട്ടിരുന്നു. പാർലമെൻ്റ് നടപ്പിലാക്കിയ നിയമവും സുപ്രീംകോടതിയുടെ ഉത്തരവും അനുസരിച്ച് സംസ്ഥാന സർക്കാർ നികുതികൾ റദ്ദാക്കി. സ്ത്രീകൾക്കുള്ള സംവരണം അംഗീകരിക്കാൻ ഈ വിഭാഗങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നതുവരെ തെരഞ്ഞെടുപ്പ് വൈകിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.