നാഗാലാൻഡ്: തെരഞ്ഞെടുപ്പ് ബഹിഷ്കരണാഹ്വാനം പിൻവലിച്ച് ഇ.എൻ.പി.ഒ
text_fieldsന്യൂഡൽഹി/ദിമപുർ: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള തീരുമാനം പിൻവലിക്കുന്നതായി ഈസ്റ്റേൺ നാഗാലാൻഡ് പീപിൾസ് ഓർഗനൈസേഷൻ (ഇ.എൻ.പി.ഒ). 60 അംഗ സഭയിലേക്ക് ഫെബ്രുവരി 27നാണ് തെരഞ്ഞെടുപ്പ്. പ്രത്യേക സംസ്ഥാനം വേണമെന്ന് 2010 മുതൽ ആവശ്യമുന്നയിക്കുന്ന സംഘടനയാണ് ഇ.എൻ.പി.ഒ. തെരഞ്ഞെടുപ്പ് പ്രക്രിയയിൽനിന്ന് വിട്ടുനിൽക്കരുതെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അഭ്യർഥനയെത്തുടർന്ന് ശനിയാഴ്ച ചേർന്ന നിർവാഹകസമിതി യോഗത്തിലാണ് പാർട്ടി ബഹിഷ്കരണ തീരുമാനം പിൻവലിച്ചത്.
സംഘടനയുടെ ആവശ്യം പരിഗണിക്കാൻ ആഭ്യന്തര മന്ത്രാലയം മൂന്നംഗ സമിതി രൂപവത്കരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി സഹകരിക്കണമെന്നും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാവാൻ സാഹചര്യങ്ങൾ സൃഷ്ടിക്കരുതെന്നും പാർട്ടി മേഖലയിലെ ജനങ്ങളോട് ആവശ്യപ്പെട്ടു. മേഖലയോടുള്ള അവഗണനയിൽ പ്രതിഷേധിച്ചും പ്രത്യേക സംസ്ഥാന ആവശ്യമുന്നയിച്ചുമാണ് ബഹിഷ്കരണം പ്രഖ്യാപിച്ചിരുന്നത്.
കിഴക്കൻ മേഖലയിലെ ആറ് ജില്ലകൾ ചേർത്ത് പുതിയ സംസ്ഥാനം വേണമെന്നാണ് ഏഴ് ഗോത്രസമുദായങ്ങളുടെ കൂട്ടായ്മയായ സംഘടനയുടെ ആവശ്യം. 20 നിയമസഭ സീറ്റുകളാണ് ഈ മേഖലയിൽനിന്നുള്ളത്. ഈ ആവശ്യം മുന്നോട്ടുവെച്ച് നാഗാലാൻഡിലെ പ്രശസ്തമായ ഹോൺബിൽ മേളയിൽനിന്നുവരെ ഇവർ വിട്ടുനിൽക്കുന്നു.
ഇതിനിടെ, നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 21 പേരുള്ള ആദ്യ സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചു. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. തെരിയ് ദിമാപുർ ഒന്നിൽ മത്സരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.