നാഗാലാൻഡ് വെടിവെപ്പ്: സൈന്യത്തിനെതിരെ കൊലക്കുറ്റത്തിന് കേസ്
text_fieldsകൊഹിമ: നാഗാലാൻഡിലെ മോൺ ജില്ലയിൽ സൈന്യത്തിെൻറ വെടിയേറ്റ് 14 ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിൽ, സൈന്യത്തിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. '21 പാര സ്പെഷൽ ഫോഴ്സി'നെതിരെയാണ് പൊലീസ് കേസ്. സൈന്യം നടത്തിയ കൊലക്കെതിരെ മേഖലയിൽ പ്രതിഷേധം ആളിപ്പടരുകയാണ്. ഗോത്രസഭകളുടെ ആഹ്വാനത്തിന് പിന്നാലെ, പലയിടത്തും ബന്ദിന് സമാനമായ സ്ഥിതിയാണ്. നിശാനിയമം പ്രാബല്യത്തിലുള്ള മോൺ നഗരത്തിൽ സംഘർഷം തുടരുന്നു. കൊല്ലപ്പെട്ട ഗ്രാമീണരുടെ എണ്ണം 17 ആണെന്ന് ഗോത്രസഭകളുടെ ഉപരിസമിതിയായ 'കോന്യാക് യൂനിയൻ' ആദ്യം പറഞ്ഞെങ്കിലും പിന്നീടിത് 14 ആക്കി. ശനിയും ഞായറുമായുണ്ടായ വ്യത്യസ്ത സംഭവങ്ങളിൽ 14 സിവിലിയന്മാർ കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്.
ഖനി തൊഴിലാളികളെ നാഗാ തീവ്രവാദികളെന്നു തെറ്റിദ്ധരിച്ചു സൈന്യം വെടിവെച്ചതിനെ തുടർന്നാണ് ആദ്യം ആറുപേർ കൊല്ലപ്പെട്ടത്. തൊഴിലാളികൾ വീട്ടിലെത്താത്തതിനെ തുടർന്ന് പ്രദേശത്തുള്ളവർ തിരച്ചിലിനിറങ്ങുകയും അവർ സൈനിക വാഹനങ്ങൾ വളഞ്ഞുവെക്കുകയും ചെയ്തു. തുടർന്നുണ്ടായ സംഘർഷത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. ഇതിനിടെ, സൈനികർ നടത്തിയ വെടിവെപ്പിൽ ഏഴുപേർ കൂടി കൊല്ലപ്പെടുകയും ചെയ്തു. ഞായറാഴ്ച പ്രദേശത്ത് കലാപസമാനമായ അന്തരീക്ഷമായിരുന്നു. 'കോന്യാക് യൂനിയൻ' ഓഫിസുകളും 'അസം റൈഫിൾസ്' ക്യാമ്പും ജനക്കൂട്ടം തകർത്തു. ഈ സംഭവത്തിൽ സേനയുടെ വെടിയേറ്റാണ് ഒരാൾ കൂടി കൊല്ലപ്പെട്ടത്.
സൈന്യം നടത്തിയ വെടിവെപ്പിൽ സ്വമേധയാ കേസെടുത്ത പൊലീസ്, ഐ.പി.സി 302,307,34 വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. സിവിലിയന്മാർക്കുനേരെ ബോധപൂർവം നടത്തിയ കൊലയെന്നാണ് പ്രാഥമികാന്വേഷണ റിപ്പോർട്ടിലുള്ളത്. പ്രകോപനമില്ലാതെയാണ് വെടിവെപ്പെന്നും പൊലീസ് പറയുന്നു.
സൈനികർ നടത്തിയ കൊലയിൽ ദേശീയ മനുഷ്യാവകാശ കമിഷൻ കേന്ദ്രത്തിനും നാഗാലാൻഡ് സർക്കാറിനും നോട്ടിസ് അയച്ചു. കൊല്ലപ്പെട്ട 14 പേരുടെയും സംസ്കാരം നടന്നു. തുടർന്ന് മോണിലെ ഹെലിപാഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫ്യു റിയോ പങ്കെടുത്തു. സംസ്ഥാനത്ത് ഏറെ സ്വാധീനമുള്ള 'നാഗ സ്റ്റുഡൻറ്സ് ഫെഡറേഷൻ' (എൻ.എസ്.എഫ്) അഞ്ചു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സമയത്ത് ഒരു ആഘോഷവും പാടില്ലെന്ന് അവർ ഗോത്രജനതയോട് അഭ്യർഥിച്ചു.
ഔദ്യോഗിക കണക്കനുസരിച്ച് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 28 പേരിൽ ആറുപേരുടെ നില ഗുരുതരമാണ്.
ജനക്കൂട്ടത്തിെൻറ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനിക ജവാൻ ഉത്തരാഖണ്ഡിലെ തെഹ്രി സ്വദേശിയായ ഗൗതം ലാൽ ആണെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. 2018ലാണ് ഇയാൾ സൈന്യത്തിൽ ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.