അഫ്സ്പ പിൻവലിക്കാനുള്ള സമയം അതിക്രമിച്ചു -ഇറോം ഷർമിള
text_fieldsഅഫ്സ്പ കരിനിയമം പിൻവലിക്കാനുള്ള സമയം അതിക്രമിച്ചെന്ന് മനുഷ്യാവകാശ പ്രവർത്തക ഇറോം ഷർമിള. 'മീഡിയവൺ' ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇറോം ഷർമിള തന്‍റെ നിലപാട് ആവർത്തിച്ചത്. അഫ്സ്പക്കെതിരെ മണിപ്പൂരിൽ 16 വർഷം നിരാഹാര സമരം നടത്തിയ വ്യക്തിയാണ് ഇറോം ഷർമിള. 2016 ആഗസ്റ്റിലാണ് അവർ നിരാഹാര സമരം അവസാനിപ്പിച്ചത്.
നാഗാലാൻഡിലെ കൂട്ടക്കൊലക്ക് ശേഷമെങ്കിലും ഭരണാധികാരികൾ കണ്ണുതുറക്കണം, അഫ്സ്പ അടിച്ചമർത്തൽ നിയമം മാത്രമല്ല, മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനം കൂടിയാണ്, മനുഷ്യജീവനുകളെ ഇത്ര വിലകുറച്ച് കാണരുതെന്നും അവർ പറഞ്ഞു. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് ഇത് എത്രകാലം സഹിച്ച് മുന്നോട്ടുപോകാൻ സാധിക്കുമെന്ന് ഇറോം ഷർമിള ചോദിച്ചു. അഫ്സ്പ പിൻവലിക്കണമെന്ന് നാഗാലാൻഡ് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടത് സന്തോഷമുള്ള കാര്യമാണ്. ഭരണാധികാരികൾ ഏത്രയും പെട്ടെന്ന് ഈ വിഷയത്തിൽ അനുകൂല തീരുമാനമെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
നാഗാലാൻഡിലെ മോണിൽ സൈന്യം നടത്തിയ വെടിവെപ്പിൽ 15 ഗ്രാമീണർ കൊല്ലപ്പെട്ടിരുന്നു. കൽക്കരി ഖനിയിൽ ജോലി കഴിഞ്ഞു മടങ്ങിവരികയായിരുന്ന ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. അക്രമികളാണെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചതെന്നാണ് സൈന്യത്തിന്‍റെ വിശദീകരണം. സംശയം തോന്നുന്ന ആരെയും അനുമതിയില്ലാതെ വെടിവെക്കാൻ സൈന്യത്തിന് അധികാരം നൽകുന്ന നിയമമാണ് അഫ്സ്പ. സൈനിക നടപടിയെ പാർലമെന്‍റിൽ ന്യായീകരിച്ച ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ സംസ്ഥാനത്ത് വ്യാപക പ്രക്ഷോഭ റാലികൾ സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.