Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആ 85 ലക്ഷം വേണ്ട,...

ആ 85 ലക്ഷം വേണ്ട, അതെന്‍റെ 'ഓക്‌സിജൻ സകാത്ത്'-പേര് പോലെ സ്‌നേഹം തന്നെയാണ് പ്യാരേഖാന്‍

text_fields
bookmark_border
pyare khan
cancel

നാഗ്​പുർ: വ്രതശുദ്ധിയുടെ ഈ പുണ്യനാളുകളിൽ സഹജീവി സ്​നേഹം എന്തെന്ന്​ കാണിച്ചുതരികയാണ്​ വ്യവസായിയായ പ്യാരേഖാൻ. സ്​നേഹത്തിന്‍റെ മറുപേരായി മാറുകയാണ്​ അദ്ദേഹം. ഓക്‌സിജന്‍ ക്ഷാമത്താല്‍ രാജ്യം വലയുമ്പോള്‍ നാഗ്പുരിലും സമീപപ്രദേശങ്ങളിലുമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ 400 മെട്രിക് ടണ്‍ ഓക്‌സിജന്‍ എത്തിച്ചതിന്​ 85 ലക്ഷം രൂപയാണ് പ്യാരേഖാന് അധികൃതര്‍ നല്‍കാനുള്ളത്. എന്നാൽ, പണം നല്‍കാമെന്ന്​ അധികൃതർ അറിയിച്ചെങ്കിലും അദ്ദേഹം സ്‌നേഹത്തോടെ അത്​ നിരസിച്ചു. റമദാനില്‍ താൻ നല്‍കുന്ന 'ഓക്‌സിജന്‍ സക്കാത്ത്​' ആണിതെന്നും പ്രാണവായുവിന്‍റെ കണക്ക് വാങ്ങാനാകില്ലെന്നുമായിരുന്നു പ്യാരേഖാന്‍റെ മറുപടി.

കഷ്​ടത അനുഭവിക്കുന്നവന്‍റെ കണ്ണീർ കാണാൻ പ്യാരേഖാന്​ സ്വന്തം ജീവിതത്തിലേക്ക്​ തിരിഞ്ഞുനോക്കിയാൽ മതിയെന്നതാണ്​ അദ്ദേഹത്തെ ഈ കാരുണ്യവഴിയിലേക്കെത്തിച്ചത്​. നാഗ്പുരിനടത്തുള്ള താജ്ബാഗിലെ ചേരിയിലാണ്​ പ്യാരേഖാൻ ജനിച്ചുവളര്‍ന്നത്​. പിതാവ്​​ ചേരിയിൽ ഒറ്റമുറി കട നടത്തുകയായിരുന്നു. 1995ല്‍ നാഗ്പുര്‍ റെയില്‍വെ സ്റ്റേഷന് മുന്നില്‍ ഓറഞ്ച് വില്‍പ്പനയായിരുന്നു പ്യാരേഖാന്​. പിന്നീട്​ ഓ​ട്ടോറിക്ഷ ഡ്രൈവറുമായി. കഠിനാധ്വാനത്തിലൂടെ ഇന്ന് 400 കോടിയുടെ ആസ്​തിയുള്ള ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ഉടമയാകാൻ അദ്ദേഹത്തിന്​ കഴിഞ്ഞു. പ്യാരേഖാന്‍റെ ഉടമസ്​ഥതയിലുള്ള അഷ്​മി ട്രാന്‍സ്‌പോര്‍ട്ട് കമ്പനിക്ക്​ ഇന്ന് ഇന്ത്യയിലുടനീളം 2,000 ട്രക്കുകളുടെ ശൃംഖലയുണ്ട്. നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും ഓഫിസുകളുണ്ട്.

ഈ പ്രതിസന്ധി ഘട്ടത്തില്‍ എല്ലാവരിലേക്കും ഓക്‌സിജന്‍ എത്തിച്ചത്​ മനുഷ്യരോടുളള തന്‍റെ സേവനമായി പരിഗണിക്കണമെന്ന്​ പറയുന്നു പ്യാരേഖാൻ. ആവശ്യമെങ്കില്‍ ബ്രസല്‍സില്‍നിന്ന് ഓക്‌സിജന്‍ ടാങ്കറുകള്‍ എയര്‍ലിഫ്റ്റിങ് വഴി എത്തിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി.

ഇതുവരെ വിവിധ ആശുപത്രികള്‍ക്കായി 500ലേറെ ഓക്‌സിജന്‍ സിലിണ്ടറുകളും 116 ഓക്​സിജൻ കോൺസൻട്രേറ്ററുകളും തങ്ങള്‍ നല്‍കിയതായും 360 സിലിണ്ടറുകള്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വഴി ലഭ്യമാക്കിയിട്ടുണ്ടെന്നും പ്യാരേഖാന്‍ പറയുന്നു. അത്യാവശ്യമായി ബംഗളൂരുവില്‍നിന്ന് രണ്ട് ക്രയോജനിക് ഗ്യാസ് ടാങ്കറുകള്‍ ആവശ്യമായപ്പോള്‍ മൂന്നിരട്ടി പണം നല്‍കിയാണ് പ്യാരേഖാന്‍ ഇത് എത്തിച്ചത്. മാത്രമല്ല, ഓക്‌സിജന്‍ ടാങ്കറുകള്‍ക്ക് പലരും ഇരട്ടിവില ചോദിച്ചപ്പോള്‍ വിലപേശാന്‍ നിന്നതുമില്ല. ഒരു ട്രിപ്പിന്​ 14 ലക്ഷം രൂപ വരെ നൽകേണ്ടി വന്നിട്ടുണ്ട്​.

'ടാങ്കറുകള്‍ ലഭ്യമാക്കുക എന്നതാണ് നിലവിലെ ഏറ്റവും വലിയ വെല്ലുവിളി. വിവിധയിടങ്ങളില്‍നിന്ന് ടാങ്കറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. നാഗ്പുരിലേക്കും സമീപപ്രദേശങ്ങളിലേക്കുമാണ് ഓക്‌സിജന്‍ ആവശ്യമായുള്ളത്. ലഭ്യമായ ടാങ്കറുകളെല്ലാം ഓക്‌സിജന്‍ നിറയ്ക്കാനായി റായ്പുരിലേക്കും റൂര്‍ക്കേലയിലേക്കും ഭിലായിലേക്കും അയച്ചുകൊണ്ടിരിക്കുകയാണ്'- തെരുവോര കച്ചവടക്കാരനിൽ നിന്ന്​ 1200-ഓളം പേര്‍ ജീവനക്കാരായുള്ള കമ്പനിയുടെ ഉടമയായി മാറിയ, ഐ.ഐ.എം അഹമ്മദാബാദിലെ വിദ്യാർഥികൾക്ക്​ മുന്നിൽ കേസ് സ്റ്റഡിയായി അവതരിപ്പിക്കപ്പെട്ടിട്ടുള്ള പ്യാരേഖാൻ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid Heropyare khanoxygen zakat
News Summary - Nagpur billionaire spends Rs 85 lakh to provide oxygen to Covid hospitals
Next Story