ഔറംഗസീബിന്റെ ശവകുടീരത്തെ ചൊല്ലി നാഗ്പൂരിൽ സംഘർഷം; നിരവധി വാഹനങ്ങൾക്ക് തീയിട്ടു, പൊലീസുകാര്‍ക്കുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു
text_fieldsമുംബൈ: ഔറംഗസീബിന്റെ ശവകുടീരത്തെ ചൊല്ലി മഹാരാഷ്ട്രയിലെ നാഗ്പൂരിൽ രണ്ടുവിഭാഗങ്ങൾ തമ്മിൽ സംഘർഷം. കല്ലേറിനെതുടർന്നാണ് സംഘർഷമുണ്ടായത്. നിരവധി വാഹനങ്ങൾക്ക് തീയിട്ടു. സംഘർഷത്തെതുടർന്ന് പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആശങ്ക നിലനിൽക്കുന്നു. പ്രദേശത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്. അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും സമാധാനം പാലിക്കണമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ ജനങ്ങളോട് ആവശ്യപ്പെട്ടു.
മറാത്ത ചക്രവർത്തി ശിവജിയുടെ ജന്മദിനമായ തിങ്കളാഴ്ച ശിവജി ചൗക്കിൽ ശിവജി ഭക്തർ തടിച്ചുകൂടിയിരുന്നു. ഇതിനിടയിൽ ചത്രപതി സംബാജിനഗറിലെ (ഔറംഗാബാദ്) ഔറംഗസീബിന്റെ ശവകുടീരം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും പ്രതിഷേധം നടത്തി.
ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്നും അല്ലെങ്കില്‍ ബാബരി മസ്ജിദിന്റെ സ്ഥിതി ആവർത്തിക്കുമെന്നുമാണ് സംഘ്പരിവാർ സംഘടനകളായ വിശ്വഹിന്ദു പരിഷത്തും ബജ്റംഗ് ദളും ഭീഷണി മുഴക്കിയത്. സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംഘടനകൾ അറിയിച്ചിരുന്നു.
ഔറംഗസീബിന്റെ ശവകുടീരത്തിന്റെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം. വൈകുന്നേരം ചിത്ര ടാക്കീസ് ഭാഗത്തുനിന്ന് എത്തിയവരുമായി തർക്കം ഉണ്ടാകുകയും കല്ലേറിൽ കലാശിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.