പ്രത്യേക സംസ്ഥാന പദവി ചർച്ചയാക്കി നായിഡുവും നിതീഷും
text_fieldsന്യൂഡൽഹി: ഒരിടവേളക്കുശേഷം ആന്ധ്രയുടെയും ബിഹാറിന്റെയും പ്രത്യേക സംസ്ഥാന പദവി സംബന്ധിച്ച് ചർച്ചകൾ സജീവമാവുന്നു. എൻ.ഡി.എ സഖ്യത്തിൽ നിർണായക ശക്തികളായതിന് പിന്നാലെയാണ് തെലുഗുദേശം പാർട്ടിയും ജനതാദൾ യുനൈറ്റഡും പദവിക്കായി സമ്മർദം ശക്തമാക്കുന്നത്. മുമ്പ് അവഗണിച്ച ആവശ്യമാണെങ്കിലും ഇക്കുറി സമാന നിലപാട് സ്വീകരിക്കൽ ബി.ജെ.പിയെ സംബന്ധിച്ച് എളുപ്പമായേക്കില്ലെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.
പുനഃസംഘടനാ നിയമം വഴി അവിഭക്ത ആന്ധ്രയെ വിഭജിച്ച് 2014ൽ തെലങ്കാന രൂപവത്കരിച്ചതുമുതൽ ആന്ധ്രയുടെ ആവശ്യമാണ് പ്രത്യേക പദവി. നിലവിൽ എൻ.ഡി.എയിലെ വലിയ സഖ്യകക്ഷിയാണ് ആന്ധ്ര ഭരിക്കുന്ന എൻ. ചന്ദ്രബാബുവിന്റെ നേതൃത്വത്തിലുള്ള തെലുഗുദേശം പാർട്ടി.
നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റ ശേഷം 2014 മുതൽ 19 വരെ മുഖ്യമന്ത്രിയായിരുന്ന നായിഡുവും ശേഷം മുഖ്യമന്ത്രിയായ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയും പ്രത്യേക പദവിക്കുവേണ്ടി ആവർത്തിച്ച് ആവശ്യമുന്നയിച്ചിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല. വിഭജനത്തിനുശേഷം തെലങ്കാനക്കൊപ്പം പോയ ഹൈദരാബാദിലെ, സോഫ്റ്റ്വെയർ കയറ്റുമതിയിൽ നിന്നുമാത്രം ആ ഒരൊറ്റ വർഷം 56,500 കോടി രൂപ നഷ്ടം സംഭവിച്ചതായാണ് ആന്ധ്ര ഉന്നയിക്കുന്ന കണക്കുകൾ.
തലസ്ഥാന നഗരിയായ അമരാവതിയുടെ വികസനവും പൊലാവാരം ജലസേചന പദ്ധതിയുടെ പൂർത്തീകരണവും പ്രകടന പത്രികയിലെ ജനപ്രിയ പദ്ധതികൾക്കും പണം കണ്ടെത്തേണ്ടതുണ്ട്. പ്രത്യേക സംസ്ഥാന പദവി ലഭിച്ചാൽ ഇതെളുപ്പമാകുമെന്ന് ചന്ദ്രബാബു നായിഡു കരുതുന്നു.
പ്രതിശീർഷ വരുമാനത്തിൽ കുത്തനെ ഉണ്ടായ ഇടിവും ബാധ്യതകളിലുള്ള വർധനവുമടക്കം വിഷയങ്ങൾ ചൂണ്ടിക്കാണിച്ചാണ് ആന്ധ്ര വീണ്ടും ആവശ്യം ശക്തമാക്കുന്നത്. 12 എം.പിമാരുള്ള ജനതാദൾ (യു)വിന്റെ പങ്ക് നിർണായകമാകുമെന്നതിനാൽ വിലപേശലിൽ നിതീഷ് കുമാറും പിശുക്ക് കാണിക്കാനിടയില്ല.
പിന്നാക്ക ശാക്തീകരണവും അടിസ്ഥാനസൗകര്യ വികസനവും പ്രകടനപത്രികയിലെ വാഗ്ദാനങ്ങളുടെ പൂർത്തീകരണവുമെല്ലാം പ്രത്യേക പദവി ലഭിച്ചാൽ എളുപ്പമാകുമെന്നും സംസ്ഥാനത്ത് മേൽക്കൈ ഉറപ്പിക്കാൻ ഇത് സഹായിക്കുമെന്നുമാണ് നിതീഷിന്റെ കണക്കുകൂട്ടൽ.
കേന്ദ്രത്തിൽനിന്നുള്ള കൂടുതൽ സഹായം, നികുതി ഇളവുകൾ തുടങ്ങിയവയാണ് പ്രത്യേക പദവി കൊണ്ടുള്ള മെച്ചങ്ങൾ. നിലവിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ഹിമാചൽ പ്രദേശും ഉത്തരാഖണ്ഡുമാണ് പ്രത്യേക പദവിയുള്ളവ. പ്രത്യേക പദവി അനുവദിക്കുന്നത് 14ാം ധനകാര്യ കമീഷന്റെ ശിപാർശപ്രകാരം അവസാനിപ്പിച്ചെന്നാണ് ബി.ജെ.പിയുടെ നിലപാട്. പ്രത്യേക പദവിക്കുപകരം ബിഹാറിനും ആന്ധ്രക്കും കൂടുതൽ സഹായം നൽകുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.