തടവറ മണവുമായി നളിനിയുടെ ആത്മകഥ പുറത്തിറങ്ങി
text_fieldsചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയുടെ ആത്മകഥ ചെന്നൈയില്‍ തമിഴ് ഈഴം നേതാക്കള്‍ പങ്കെടുത്ത പ്രൗഢ ചടങ്ങില്‍ പ്രകാശനം ചെയ്തു. എം.ഡി.എം.കെ ജനറല്‍ സെക്രട്ടറി വൈക്കോ പുസ്തകത്തിന്‍െറ ആദ്യ പ്രതി നളിനിയുടെ മാതാവ് പത്മാവതി അമ്മാളിന് നല്‍കി. ‘രാജീവ് കൊലൈ- മറക്കപ്പെട്ട ഉണ്‍മയ്കളും പ്രിയങ്ക-നളിനി സന്ദിപ്പും’ എന്ന പേരിട്ട് തമിഴ്ഭാഷയില്‍ തയാറാക്കിയ പുസ്തകം 33 അധ്യായങ്ങളിലായി 580 പേജുകളുണ്ട്. നളിനിക്കുവേണ്ടി തമിഴ് സാഹിത്യകാരന്‍ കലൈവനാണ് പുസ്തകം എഴുതിയത്.
ഒരുവര്‍ഷത്തോളം എടുത്താണ് പുസ്തകം പൂര്‍ത്തീകരിച്ചത്. നളിനിയുടെ അഭിഭാഷകന്‍ പുകഴേന്തി ഓരോമാസവും ജയിലിലത്തെുമ്പോള്‍ പറഞ്ഞുകൊടുക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ചു. ഭര്‍ത്താവ് മുരുകന്‍െറ അനുഭവങ്ങളും പുസ്തകത്തിലുണ്ട്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തമിഴ്നാട്ടിലെ ശ്രീപെരമ്പത്തൂരില്‍ കൊല്ലപ്പെട്ട കേസില്‍ 1991 ജൂണ്‍ 14നാണ് നളിനിയും ഭര്‍ത്താവ് ശ്രീഹരന്‍ എന്ന മുരുകനും മറ്റുള്ളവരും അറസ്റ്റിലാകുന്നത്.
ശ്രീഹരനെ പരിചയപ്പെട്ടതുമുതല്‍ കേസിന്‍െറ നാള്‍വഴികളും പീഡനങ്ങളും ഗര്‍ഭസ്ഥശിശുവിനെ സംരക്ഷിക്കാന്‍ ജയിലില്‍ അനുഭവിച്ച ത്യാഗങ്ങളും അമ്മയായതും രാജീവിന്‍െറ മകള്‍ പ്രിയങ്ക ജയിലിലത്തെി രഹസ്യ കൂടിക്കാഴ്ച നടത്തിയതും മോചനത്തിനുള്ള ശ്രമങ്ങളും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. അന്വേഷണ സംഘത്തിലുണ്ടായിരുന്ന മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥന്‍െറ നേതൃത്വത്തില്‍ ക്രൂരമായി പീഡിപ്പിച്ചെന്നും ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചെന്നും നളിനി ആരോപിക്കുന്നുണ്ട്. ഗര്‍ഭഛിദ്രത്തിന് കൊണ്ടുവന്ന വനിതാ ഡോക്ടര്‍ ഉദ്യോഗസ്ഥന്മാരോട് നിങ്ങള്‍ ജയില്‍ ഒരു അബോര്‍ഷന്‍ കേന്ദ്രമാക്കുമെന്ന് ക്ഷോഭിച്ച് ഇറങ്ങിപ്പോയെന്നും പുസ്തകത്തില്‍ പറയുന്നു.
പിറന്നുവീണ മകള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍പോലും ഉദ്യോഗസ്ഥര്‍ അനുവദിക്കാത്ത സംഭവങ്ങളും വിശദീകരിക്കുന്നു. വധശിക്ഷ ജീവപര്യന്തമായി കുറച്ചശേഷം 2010ല്‍ ശിവകാമി എന്ന തടവുകാരി മയക്കുമരുന്ന് നല്‍കി കൊല്ലാന്‍ ശ്രമിച്ചതും വിവരിക്കുന്നു. നളിനിയുടെ മകള്‍ അരിത്ര ലണ്ടനില്‍ ഡോക്ടറാണ്. രക്തം കാണാന്‍ മടിയുള്ളതിനാല്‍ മെഡിസിന്‍ പഠിക്കാന്‍ തയാറായില്ല. പകരം മെഡിക്കല്‍ ഫിസിക്സിലാണ് ഡോക്ടറേറ്റ് നേടി ജോലി നോക്കുന്നത്. നളിനിയും മുരുകനുമുള്‍പ്പെടെ ഏഴുപേര്‍ ജീവപര്യന്തം തടവുകാരായി വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്.
ലോകത്ത് ഏറ്റവുമധികം നാളുകളായി (26 വര്‍ഷം) ജയിലില്‍ കിടക്കുന്ന സ്ത്രീയായ നളിനിയെയും മറ്റുള്ളവരെയും വിട്ടയക്കണമെന്ന് എം.ഡി.എം.കെ ജനറല്‍ സെക്രട്ടറി വൈക്കോ, വിടുതലൈ ചിറുതൈകള്‍ കക്ഷി അധ്യക്ഷന്‍ തിരുമാളവന്‍, നാം തമിഴര്‍ കക്ഷി അധ്യക്ഷന്‍ സീമാന്‍, തമിഴ് വാഴ്മുറുമൈ കക്ഷി അധ്യക്ഷന്‍ വേല്‍മുരുകന്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു. മഹാത്മാഗാന്ധിയുടെ ഘാതകരെ വിട്ടയക്കാമെങ്കില്‍ രാജീവിന്‍െറ ഘാതകരെ എന്തുകൊണ്ട് വിട്ടയക്കുന്നില്ളെന്ന് ചടങ്ങില്‍ സംസാരിച്ച മദ്രാസ് ഹൈകോടതി റിട്ട. ജസ്റ്റിസ് ഹരിപരന്താമന്‍ ചോദിച്ചു. ഗാന്ധിയുടെ ഘാതകരെ 14ാം വര്‍ഷം മോചിപ്പിച്ച രാജ്യമാണിത്. പ്രതിയായ ഗോദ്സെയെ ദൈവതുല്യമായി ആരാധിക്കുന്ന സംസ്കാരം വളര്‍ന്നുവരുന്നത് നീതിപീഠങ്ങള്‍ കാണുന്നില്ളെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.