'നമസ്തേ ട്രംപ്'; അഹ്മദാബാദ് നഗരസഭക്ക് നഷ്ടം ഒമ്പതു കോടി
text_fieldsഅഹ്മദാബാദ്: അമേരിക്കൻ ജനത വോട്ടുചെയ്ത് ഇറക്കിവിട്ട ഡോണൾഡ് ട്രംപ് പ്രസിഡൻറായിരിക്കെ കഴിഞ്ഞ ഫെബ്രുവരിയിൽ അഹ്മദാബാദിൽ നടത്തിയ 'നമസ്തെ ട്രംപ്' പരിപാടിക്ക് വേണ്ടി മുനിസിപ്പൽ കോർപറേഷെൻറ ഖജനാവിന് നഷ്ടമായത് ഒമ്പതു കോടി രൂപ!
നഗരത്തിൽ അദ്ദേഹം ചെലവഴിച്ച മൂന്നു മണിക്കൂറിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങൾക്കായാണ് അഹ്മദാബാദ് നഗരസഭ ഭീമൻ തുക ചെലവഴിച്ചതെന്ന് വിവരാവകാശ രേഖ വെളിപ്പെടുത്തുന്നു.സാമൂഹിക പ്രവർത്തകൻ രാജ് സിസോദിയ നൽകിയ അപേക്ഷക്ക്, കേന്ദ്ര ആഭ്യന്തരമന്ത്രാലയം നൽകിയ മറുപടിയിലാണ് ഈ വിവരം.
ബി.ജെ.പി ഭരിക്കുന്ന നഗരസഭ, ട്രംപ് സന്ദർശനത്തോടനുബന്ധിച്ച് 17 റോഡുകൾ നന്നാക്കാൻ വേണ്ടി മാത്രം 7.8 കോടി ചെലവിട്ടുവെന്ന് പറയുന്നു. മാസങ്ങളുടെ പരിശ്രമത്തിനൊടുവിൽ ലഭിച്ച മറുപടിയിൽ, പരിപാടിക്കായി ആളുകളെ എത്തിക്കാൻ 72 ലക്ഷം, കുടിവെള്ള പാക്കറ്റിന് 26 ലക്ഷം, ട്രംപിെൻറ 22 കിലോമീറ്റർ റോഡ് ഷോ കടന്നുപോകുന്ന രണ്ടു പാലങ്ങൾ സുന്ദരമാക്കാൻ 11 ലക്ഷം എന്നിങ്ങനെ ചെലവഴിച്ചുവെന്ന് വിവരിക്കുന്നു. ട്രംപ് ഉദ്ഘാടനം ചെയ്ത ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര സാനിറ്റൈസ് ചെയ്യാൻ വേണ്ടി മാത്രം 6.49 ലക്ഷവും ചെലവാക്കി.
നമസ്തേ ട്രംപ് പരിപാടിക്ക് സംസ്ഥാന സർക്കാറിന് എട്ടു കോടിയും അഹ്മദാബാദ് മുനിസിപ്പൽ കോർപറേഷന് നാലര േകാടിയും ചെലവു വന്നു എന്നായിരുന്നു ഗുജറാത്ത് സർക്കാർ നിയമസഭയിൽ വെളിപ്പെടുത്തിയിരുന്നത്. അതേസമയം, നഗരം സുന്ദരമാക്കാൻ ആറു കോടി, ആഘോഷപരിപാടികളിൽ സംബന്ധിച്ച കലാകാരന്മാർക്കും സന്നദ്ധപ്രവർത്തകർക്കുമായി നാലു കോടി, ജനങ്ങളെ പരിപാടിക്ക് എത്തിക്കാൻ ഏഴു കോടി എന്നിങ്ങനെ പൊടിച്ചുവെന്നാണ് മാധ്യമങ്ങളിൽ വന്ന കണക്കുകൾ പറയുന്നത്.
ഫെബ്രുവരി 24, 25 തീയതികളിലായിരുന്നു ഡോണൾഡ് ട്രംപിെൻറയും പത്നി മെലാനിയയുടെയും ന്യൂഡൽഹി, ആഗ്ര, അഹ്മദാബാദ് സന്ദർശനങ്ങൾ. ഇതിൽ ആദ്യത്തേത് അഹ്മദാബാദ് സന്ദർശനമായിരുന്നു. നഗരത്തിൽ ഇവർ സഞ്ചരിച്ചിരുന്ന റോഡരികിലുള്ള ചേരിപ്രദേശങ്ങൾ മറയ്ക്കാൻ വേണ്ടി 400 മീറ്റർ നീളത്തിൽ മതിൽ പണിതത് ആ സമയത്ത് വിവാദമായിരുന്നു. മോദിയും ട്രംപും ഒന്നിച്ചുനിൽക്കുന്ന ചിത്രമുള്ള 3000 ഡിജിറ്റൽ ഹോർഡിങ്ങുകളും കട്ടൗട്ടുകളും സ്ഥാപിക്കുകയുണ്ടായി.
മണിക്കൂറുകൾ മാത്രം ദൈർഘ്യമുള്ള ട്രംപ് സന്ദർശനത്തിനുവേണ്ടി കോടികൾ വാരിവിതറിയതിെൻറ കണക്കുകൾ പുറത്തുവന്നതോടെ അഹ്മദാബാദ് നിവാസികൾ വിമർശനവുമായി രംഗത്തുവന്നു. കോവിഡ് പരിഗണിച്ച് സന്ദർശനം മാറ്റിവെക്കാൻ പറയേണ്ടതിന് പകരം ചേരികളെല്ലാം മറച്ച് പാവങ്ങളെ അപമാനിക്കുന്ന റോഡ് ഷോ നടത്തുകയാണ് ഉണ്ടായതെന്ന് നഗരത്തിലെ സാമൂഹിക പ്രവർത്തകൻ ജതിൻ സേത്ത് 'മാധ്യമ'ത്തോടു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.