സവർക്കർക്കു പകരം ഡൽഹി യൂണിവേഴ്‌സിറ്റി കോളജിന് മൻമോഹൻ സിങ്ങിന്റെ പേരിടണം; മോദിക്ക് കത്തെഴുതി എൻ.എസ്.യു.ഐ
text_fieldsന്യൂഡൽഹി: ഡൽഹി സർവകലാശാലക്കു കീഴിലുള്ള പുതിയ കോളജിന് ഹിന്ദുത്വ ഐക്കൺ വിനായക് ദാമോദർ സവർക്കറുടെ പേരിനു പകരം മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ പേര് നൽകണമെന്ന് കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ നാഷണൽ സ്റ്റുഡന്റ്സ് യൂനിയൻ ഓഫ് ഇന്ത്യ. സ്ഥാപനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടുന്നതിന് ഒരു ദിവസം മുമ്പാണ് എൻ.എസ്.യു.ഐയുടെ അഭ്യർഥന.
പുതിയ സ്ഥാപനത്തിന് സിങ്ങിന്റെ പേരിട്ടാൽ അത് തലമുറകൾക്ക് പ്രചോദനമാകുമെന്നും മുൻ പ്രധാനമന്ത്രിയുടെ പരിവർത്തന കാഴ്ചപ്പാടിനെ മാനിക്കുമെന്നും ചൂണ്ടിക്കാട്ടി സംഘടനയുടെ പ്രസിഡന്റ് വരുൺ ചൗധരി വ്യാഴാഴ്ച മോദിക്ക് കത്തയച്ചു.
കിഴക്കൻ കാമ്പസിലും പടിഞ്ഞാറൻ കാമ്പസിലും ഓരോ അക്കാദമിക് ബ്ലോക്കും തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ റോഷൻപുരയിൽ സവർക്കർ കോളജിൻ്റെ കെട്ടിടവും ഉൾപ്പെടെ മൂന്ന് പദ്ധതികൾക്ക് മോദി വെള്ളിയാഴ്ച തറക്കല്ലിടുമെന്ന് ഡൽഹി സർവകലാശാല അറിയിച്ചിരുന്നു.
‘ഡൽഹി സർവകലാശാലക്ക് കീഴിലുള്ള സവർക്കറുടെ പേരിലുള്ള ഒരു കോളജ് താങ്കൾ ഉദ്ഘാടനം ചെയ്യും. ഈ സ്ഥാപനത്തിന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ജിയുടെ പേര് നൽകണമെന്ന് എൻ.എസ്.യു.ഐ ശക്തമായി ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്റെ സമീപകാല വേർപാട് ആഴത്തിലുള്ള ശൂന്യത സൃഷ്ടിച്ചു. ആ പൈതൃകത്തിനുള്ള ഏറ്റവും ഉചിതമായ ആദരവ് അദ്ദേഹത്തിൻ്റെ പേരിൽ ഒരു പ്രധാന വിദ്യാഭ്യാസ സ്ഥാപനം സമർപ്പിക്കുക എന്നതാണ് -വരുൺ ചൗധരി പറഞ്ഞു.
പുതിയ ഐ.ഐ.ടി, ഐ.ഐ.എം, എയിംസ്, കേന്ദ്ര സർവകലാശാലകളുടെ ശൃംഖല സ്ഥാപിക്കുന്നതിലും സിങ്ങിൻ്റെ വിദ്യാഭ്യാസ രംഗത്തെ സംഭാവനകൾ ഉൾപ്പെടുന്നു. വിഭജനാനന്തര വിദ്യാർഥിയിൽ നിന്ന് ആഗോള ഐക്കണിലേക്കുള്ള അദ്ദേഹത്തിൻ്റെ യാത്രയെ അക്കാദമിക് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും എൻ.എസ്.യു.ഐ ആവശ്യപ്പെട്ടു. ഇന്ത്യക്ക് അദ്ദേഹം നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ അംഗീകരിക്കാൻ സർക്കാർ ഉടൻ നടപടിയെടുക്കണമെന്നും കത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.