മഹാരാഷ്ട്രയിലെ നാണംകെട്ട തോൽവി; നാനാ പട്ടോളെ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു
text_fieldsമുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു പിന്നാലെ നാന പട്ടോളെ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. മത്സരിച്ച 103 സീറ്റുകളിൽ 16 ഇടങ്ങളിൽ മാത്രമേ കോൺഗ്രസിന് വിജയിക്കാൻ സാധിച്ചുള്ളൂ. സ്വന്തം മണ്ഡലമായ സാകോലിയിൽ 208 വോട്ടുകളുടെ മാർജിനിൽ കഷ്ടിച്ചാണ് നാന പട്ടോളെ രക്ഷപ്പെട്ടത്. ബി.ജെ.പിയുടെ അവിനാശ് ആനന്ദറാവു ബ്രഹ്മാൻകർ ആയിരുന്നു എതിരാളി.
2021ലാണ് മുൻ എം.പിയായ നാനാ പട്ടോളെയെ മഹാരാഷ്ട്രയിലെ കോൺഗ്രസ് അധ്യക്ഷനായി നിയമിച്ചത്. ബാല സാഹേബ് തൊറാട്ടിന്റെ പകരക്കാരനായായിരുന്നു നിയമനം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ് മികച്ച പ്രകടനമാണ് നടത്തിയത്. 17 മണ്ഡലങ്ങളിൽ അന്ന് 13 ഇടങ്ങളിലും കോൺഗ്രസ് വിജയിച്ചിരുന്നു. മാത്രമല്ല മഹാവികാസ് അഘാഡി സഖ്യത്തിൽ ഏറ്റവും കൂടുതൽ സീറ്റുകളും കോൺഗ്രസിനായിരുന്നു. അതിനാൽ തന്നെ നിയമസഭാ തെരഞ്ഞെടുപ്പിൽ പട്ടോളെയുടെ നേതൃത്വത്തിൽ കൂടുതൽ സീറ്റുകൾ പിടിക്കാമെന്നായിരുന്നു കോൺഗ്രസിന്റെ കണക്കുകൂട്ടൽ.
നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കൂടുതൽ സീറ്റുകൾ വേണമെന്ന പട്ടോളെയുടെ വാശി ഉദ്ധവ് വിഭാഗത്തിന് അതൃപ്തിയുണ്ടാക്കിയിരുന്നു. പട്ടോളെ ഉണ്ടെങ്കിൽ സീറ്റ് വിഭജന ചർച്ചക്ക് പങ്കെടുക്കില്ലെന്ന് വരെ ഉദ്ധവ് വിഭാഗം ഒരുഘട്ടത്തിൽ പറയുകയുണ്ടായി. ഫലം വരുന്നത് മുമ്പ് കോൺഗ്രസിന്റെ നേതൃത്വത്തിൽ മഹാ വികാസ് അഘാഡി സഖ്യം അധികാരത്തിലേറുമെന്ന് പട്ടോളെ പ്രഖ്യാപിച്ചതും ഉദ്ധവ് വിഭാഗത്തിന് എതിർപ്പുണ്ടാക്കി. സഞ്ജയ് റാവുത്ത് ഉൾപ്പെടെയുള്ള നേതാക്കൾ പട്ടോളെക്കെതിരെ രംഗത്തുവരികയും ചെയ്തു.
എന്നാൽ ഫലം വന്നപ്പോൾ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം 232 സീറ്റുകൾ സ്വന്തമാക്കി. മഹാവികാസ് അഘാഡിയുടെ കുതിപ്പ് 50 ൽ താഴെ സീറ്റുകളിൽ ഒതുങ്ങുകയും ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 44 സീറ്റുകളുണ്ടായിരുന്നു കോൺഗ്രസിന്. അത് ഇക്കുറി 16 ആയി ചുരുങ്ങി. മഹാരാഷ്ട്രയിൽ ആദ്യമായാണ് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഇത്രയേറെ സീറ്റുകൾ കുറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.