നന്ദൻ നിലേകനി ഇൻഫോസിസ് ചെയർമാൻ
text_fieldsബംഗളൂരു: ഇൻഫോസിസിെൻറ സ്ഥാപകരിൽ പ്രമുഖനും മുൻ സി.ഇ.ഒയുമായ നന്ദൻ നിലേകനി (62) കമ്പനിയുടെ പുതിയ ചെയർമാനാകും. വിശാൽ സിക്ക സി.ഇ.ഒ സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി രാജിവെച്ചതിനെ തുടർന്ന് ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാൻ കമ്പനിയുടെ നിക്ഷേപക സ്ഥാപനങ്ങൾ നിലേകനിയെ നേതൃത്വത്തിലേക്ക് തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് ബോർഡിന് ബുധനാഴ്ച കത്ത് നൽകിയിരുന്നു. വ്യാഴാഴ്ച ചേർന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗമാണ് നിലേകനിയെ ഏകകണ്ഠമായി നോൺ എക്സിക്യുട്ടീവ് ചെയർമാനായി നിയമിച്ചത്. മുൻ ചെയർമാൻ നാരായണ മൂർത്തിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നായിരുന്നു നേരത്തെ വിശാൽ സിക്കയുടെ രാജി.
കമ്പനിയുടെ ഇടപാടുകാർക്കും ജീവനക്കാർക്കും ഒരുപോലെ സ്വീകര്യനാണ് പുതുതായി പദവിയിലെത്തുന്ന നിലേകനി. നിലവിലെ ചെയർമാൻ ആർ. സെഷാസായിക്കു പകരമാണ് നിയമനം. സഹ ചെയർമാൻ സ്ഥാനത്തുനിന്ന് ഒഴിഞ്ഞ രവി വെങ്കടേഷൻ സ്വതന്ത്ര ഡയറക്ടറായി തുടരും. 2002 മാർച്ച് മുതൽ 2007 ഏപ്രിൽ വരെ നിലേകനി ഇൻഫോസിസ് ചെയർമാനായിരുന്നു. പിന്നീട് വൈസ് ചെയർമാനായി. ആധാർ കാർഡിന് രൂപംനൽകാനുള്ള ദൗത്യവുമായി 2009ലാണ് ഇൻഫോസിസ് വിടുന്നത്. എട്ടു വർഷത്തിനുശേഷം ചെയർമാനായാണ് കമ്പനിയിൽ തിരിച്ചെത്തുന്നത്.
സ്വതന്ത്ര ഡയറക്ടർമാരായി ജെഫ്രി എസ്. ലേമാൻ, ജോൺ എറ്റ്ചെമെൻഡി എന്നിവരും കമ്പനി ബോർഡിൽനിന്ന് ഒഴിഞ്ഞു. മുൻ ചെയർമാൻ നാരായണ മൂർത്തിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് സിക്ക സ്ഥാനം ഒഴിയുന്നത്. തുടർന്ന് യു.ബി. പ്രവീൺ റാവുവിനെ ഇടക്കാല സി.ഇ.ഒയായി നിയമിച്ചിരുന്നു. കമ്പനിയുടെ ഡയറക്ടർ ബോർഡ് മൂർത്തിക്കെതിരെ തിരിഞ്ഞ സാഹചര്യത്തിൽ തെൻറ ഭാഗം വിശദീകരിക്കാൻ മൂർത്തി ബുധനാഴ്ച നടത്താനിരുന്ന വീഡിയോ കോൺഫറൻസ് അനാരോഗ്യം ചൂണ്ടിക്കാട്ടി 29ലേക്ക് മാറ്റിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.