ഉദ്ധവ് താക്കറെക്കെതിരായ പരാമർശം; കേന്ദ്രമന്ത്രി നാരായൺ റാണെ അറസ്റ്റിൽ
text_fieldsമുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കെറക്കെതിരെ മോശം പരാമർശം നടത്തിയ കേന്ദ്രമന്ത്രി നാരായൺ റാണെയെ നാസിക് പൊലീസ് അറസ്റ്റ് ചെയ്തു. നാസിക് ശിവസേന അധ്യക്ഷൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. കേന്ദ്രമന്ത്രിമാരുടെ ജൻ ആശീർവാദ് യാത്രക്കിടെ രത്നഗിരിയിലെ സംഗമേശ്വറിൽ ഉച്ചഭക്ഷണത്തിനിടെയാണ് റാണെയെ അറസ്റ്റ് ചെയ്തത്. ക്രമസമാധാനനില തകരുമെന്ന ആശങ്കയെ തുടർന്ന് റാണെയെ ഉടൻ അറസ്റ്റ് ചെയ്യാൻ നാസിക് സിറ്റി പൊലീസ് കമീഷണർ ദീപക് പാേണ്ഡ ഉത്തരവിടുകയായിരുന്നു.
സ്വാതന്ത്ര്യദിനപ്രഭാഷണം നടത്തുന്നതിനിടെ സ്വാതന്ത്ര്യദിനത്തിെൻറ എത്രാമത്തെ വാർഷികമാണെന്ന് മറന്നുപോയ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അടുത്തുള്ളയാളോട് ചോദിക്കുകയായിരുന്നു. ആ സമയത്ത് താൻ അവിടെ ഉണ്ടായിരുന്നുവെങ്കിൽ അദ്ദേഹത്തെ അടിച്ചേനെ എന്നായിരുന്നു റാണെയുടെ വിവാദ പ്രതികരണം. തിങ്കളാഴ്ച മഹാഡിൽ റാലിയിൽ സംസാരിക്കവെയായിരുന്നു ഇത്.
റാണെയുടെ മുൻകൂർ ജാമ്യാപേക്ഷ രത്നഗിരി സെഷൻസ് കോടതി തള്ളിയതോടെയാണ് അറസ്റ്റ്. കേസുകൾ തള്ളണം, അറസ്റ്റ് തടയണം എന്നീ ആവശ്യത്തോടെ റാണെ നൽകിയ ഹരജി ചട്ടപ്രകാരം സമർപ്പിക്കാത്തതിനെത്തുടർന്ന് ബോംബെ ഹൈകോടതി ചൊവ്വാഴ്ച പരിഗണിച്ചില്ല. ഹരജി ബുധനാഴ്ച മാറ്റി സമർപ്പിക്കും.
റാണെയുടെ പ്രസ്താവനയിൽ പ്രകോപിതരായ ശിവസേനക്കാർ നഗരത്തിലെ റാണെയുടെ ബംഗ്ലാവിന് നേരെ കല്ലും ചീമുട്ടയും എറിഞ്ഞു. വീടിനു മുന്നിൽ റാെണയുടെ ഫോട്ടോയടക്കം 'കോഴിക്കള്ളൻ' എന്ന ബാനറും സ്ഥാപിച്ചു. പലയിടങ്ങളിലും ശിവസേനക്കാരും ബി.ജെ.പി പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. മുംബൈയിൽ പൊലീസ് ലാത്തിവീശി.
നാസിക്കിൽ ബി.ജെ.പി ഓഫിസിനു നേരെ കല്ലെറിഞ്ഞു. നാസിക്കിനു പുറമേ മഹാഡ്, പുണെ, ഔറംഗാബാദ്, താണെ എന്നിവിടങ്ങളിലും ശിവസേനക്കാർ റാെണക്കെതിരെ പരാതി നൽകി.
റാണെയുടെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്നും എന്നാൽ, പൊലീസ് നടപടി ന്യായീകരിക്കാനാകില്ലെന്നും മുൻ ബി.ജെ.പി മുഖ്യമന്ത്രിയും നിലവിൽ പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
2005 ൽ ബാൽതാക്കറെ ശിവസേന നേതൃത്വം ഉദ്ധവ് താക്കറെയെ ഏൽപിച്ചതോടെയാണ് നാരായൺ റാണെ പാർട്ടിവിട്ടത്. ഇരുവരും കടുത്ത ശത്രുതയിലാണ്. കൊങ്കണിൽ ശിവസേനയെ നേരിടാനാണ് ബി.ജെ.പി റാണെക്ക് മന്ത്രി പദം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.