ഉദ്ധവ് താക്കറെക്കെതിരായ പരാമർശം; കേന്ദ്രമന്ത്രിയെ അറസ്റ്റ് ചെയ്തേക്കും
text_fieldsമുംബൈ: മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരായ പരാമർശങ്ങളിൽ കേന്ദ്രമന്ത്രി നാരായൺ റാണെയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തേക്കും. റാണെയെ അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് പുറപ്പെട്ടുവെന്നാണ് വിവരം. മുഖ്യമന്ത്രിയെ തല്ലുമെന്ന വിവാദ പരാമർശമാണ് റാണെ നടത്തിയത്. തുടർന്ന് ഇതിനെതിരെ ശിവസേന പ്രവർത്തകർ പൊലീസിൽ പരാതി നൽകുകയും കേസെടുക്കുകയുമായിരുന്നു.
നിലവിൽ കൊങ്കൺ മേഖലയിൽ നടക്കുന്ന ജൻ ആശിർവാദ് റാലിക്കുള്ള യാത്രയിലാണ് റാണെ. അതേസമയം, നാരയൺ റാണെയുെട മകൻ നിതീഷ് റാണെയെ രത്നഗിരിക്കുള്ള യാത്രക്കിടയിൽ ഒരു ടോൾപ്ലാസയിൽവെച്ച് പൊലീസ് തടഞ്ഞിരുന്നു. പൊലീസ് തന്നെ മർദിച്ചുവെന്ന് നിതീഷ് റാണെ ആരോപിച്ചു.
നാരായൺ റാണെയുടെ വസതിയിലേക്ക് ശിവസേന നടത്തിയ മാർച്ച് അക്രമാസക്തമായിരുന്നു. ശിവസേന നടത്തിയ മാർച്ച് ബി.ജെ.പി പ്രവർത്തകർ തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. നാരായൺ റാണെയുടെ വിവാദപരാമർശം പുറത്ത് വന്നതിനെ തുടർന്ന് ശിവസേന പ്രവർത്തകർ നാഗ്പൂരിൽ ബി.ജെ.പി ഓഫീസിന് നേരെ കല്ലെറിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.