ഇന്ത്യക്കാർ ഇനിയും പ്രശ്‌ന നിർവചനത്തിലും പരിഹാരത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ലെന്ന് നാരായണ മൂർത്തി
text_fieldsമുംബൈ: ഇന്ത്യക്കാർ ഇനിയും പ്രശ്‌ന നിർവചനത്തിലും അതിന്റെ പരിഹാരത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ലെന്ന് ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി. ഇതുവരെ വലിയ ഡാറ്റാബേസുകൾ നിർമ്മിക്കാൻ തങ്ങൾക്ക് കഴിഞ്ഞിട്ടില്ല. വൻ ഡാറ്റ ശേഖരമില്ലാതെ എ.ഐക്ക് (ആർട്ടിഫിഷ്യൽ ഇന്റ്റലിജൻസ്) ഒരു മൂല്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. മണികൺട്രോളിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യനെപ്പോലെ ഭാഷ മനസ്സിലാക്കുന്നതിനും സൃഷ്ടിക്കുന്നതിനുമായി വിപുലമായ അളവിൽ ടെക്സ്റ്റ് ഡാറ്റയിൽ പരിശീലനം ലഭിച്ച നൂതന എ.ഐ സംവിധാനമാണ് എൽ.എൽ.എം. ആർട്ടിഫിഷ്യൽ ഇന്റ്റലിജൻസ് സാങ്കേതിക വിദ്യയിൽ ഉപയോഗിക്കുന്ന എൽ.എൽ.എം നിർമിക്കുന്നതിൽ രാജ്യം നിക്ഷേപം നടത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള എൽ.എൽ.എമ്മുകളിൽ പരിഹാരങ്ങൾ നിർമ്മിക്കുന്നതിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണം. പ്രാദേശിക ഭാഷയിൽ വലിയ ഭാഷാ മാതൃകകൾ നിർമ്മിക്കുന്നത് പ്രശംസനീയമാണെങ്കിലും വലിയ ഡാറ്റാബേസുകൾ സൃഷ്ടിക്കാൻ കഴിയുന്ന സമയം വരെ, നമുക്ക് അത് എത്രത്തോളം ഉപയോഗിക്കാനാകുമെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സയൻസ്, ടെക്‌നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്‌സ് മേഖലയിൽ ഇംഗ്ലീഷുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ ഭാഷകൾ ഇപ്പോഴും ശൈശവാവസ്ഥയിലാണെന്നും മൂർത്തി കൂട്ടിച്ചേർത്തു. അതേസമയം നിരവധി ഇന്ത്യൻ സ്റ്റാർട്ടപ്പുകളും വിദേശ കമ്പനികളും ഇതിനകം തന്നെ ബഹുഭാഷാ എൽ.എൽ.എമ്മുകൾ ആരംഭിച്ചിട്ടുണ്ട്. ഡെങ്കിപ്പനി, ഡൽഹിയിലെ മലിനീകരണം തുടങ്ങിയ ദീർഘകാല പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇന്ത്യക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും മൂർത്തി പറഞ്ഞു.
രാജ്യം മൊത്തത്തിൽ ഈ വെല്ലുവിളികളെ അഭിമുഖീകരിക്കാത്ത സാഹചര്യത്തിൽ ഐ.ടി സേവന വ്യവസായത്തെ മാത്രം എന്തിന് ഒറ്റപ്പെടുത്തണമെന്ന് അദ്ദേഹം ചോദിച്ചു.
സ്വദേശീയമായ നവീകരണം പ്രാപ്തമാക്കുന്നതിന് ഇന്ത്യയുടെ വിദ്യാഭ്യാസ സമീപനത്തിൽ പരിഷ്കരണം ആവശ്യമാണെന്നും നാരായണ മൂർത്തി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.