ഇൻഫോസിസ് ലാഭവിഹിതമായി നാരായണ മൂർത്തിയുടെ പേരക്കുട്ടിക്ക് ലഭിച്ചത് 4.2കോടി രൂപ
text_fieldsമുംബൈ: ഐ.ടി സ്ഥാപനമായ ഇൻഫോസിസിന്റെ ലാഭ വിഹിതമായി നാരായണ മൂർത്തിയുടെ അഞ്ചുമാസം പ്രായമുള്ള പേരക്കുട്ടിക്ക് ലഭിച്ചത് 4.2കോടി രൂപ. കഴിഞ്ഞ മാസമാണ് നാരായണ മൂർത്തി 240 കോടി മൂല്യമുള്ള കമ്പനിയുടെ 15 ലക്ഷം ഓഹരികൾ പേരക്കുട്ടിയായ ഏകാഗ്രക്ക് നൽകിയത്. അതോടെയാണ് ഇത്രയും ചെറിയ പ്രായത്തിൽ തന്നെ ഏകാഗ്ര കോടിപതിയായി മാറിയത്.
2023 നവംബറിലാണ് ഏകാഗ്ര ജനിച്ചത്. നാരായണമൂർത്തിയുടേയും സുധ മൂർത്തിയുടേയും മൂന്നാമത്തെ പേരക്കുട്ടിയാണ് ഏകാഗ്ര. ഇരുവരുടെയും മകൻ രോഹൻ മൂർത്തിയുടേയും അപർണ കൃഷ്ണന്റെയും മകനാണ് ഏകാഗ്ര. മൂർത്തിയുടെ മകളായ അക്ഷതക്കും ഭർത്താവും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ ഋഷി സുനകിനും രണ്ടുമക്കളാണുള്ളത്.
ഇൻഫോസിസിന്റെ നാലാംപാദത്തിൽ ലാഭത്തിൽ 30 ശതമാനം വർധനവുണ്ടായിരുന്നു. കഴിഞ്ഞ വർഷം 6,128 കോടിയായിരുന്നു ലാഭം. ഇക്കുറി അത് 7,969 കോടി രൂപയായി വർധിച്ചു. വരുമാനത്തിൽ 37,923 കോടി രൂപയും വർധിച്ചു.
2024 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ അറ്റാദായം 8.9 ശതമാനം ഉയർന്ന് 26,233 കോടി രൂപയായും പ്രവർത്തനങ്ങളിൽ നിന്നുള്ള വാർഷിക വരുമാനം 4.7 ശതമാനം വർധിച്ച് 1,53,670 കോടി രൂപയായും ഉയർന്നു. ഇൻഫോസിസ് ബോർഡ് എഫ്.വൈ 24ന് ഒരു ഷെയറൊന്നിന് 20 രൂപ എന്ന അന്തിമ ലാഭവിഹിതവും ഷെയറൊന്നിന് 8 രൂപ പ്രത്യേക ഡിവിഡന്റും ശിപാർശ ചെയ്തു. കൂടാതെ, 450 മില്യൺ യൂറോയുടെ ഓൾ ക്യാഷ് ഡീലിൽ ഒരു ജർമൻ സ്ഥാപനമായ ഇൻ-ടെക്കിനെ ഏറ്റെടുക്കാനും ഇൻഫോസിസ് പദ്ധതിയിടുന്നുണ്ട്. അടുത്ത സാമ്പത്തിക വർഷം 1മുതൽ 3 ശതമാനം വരെ വരുമാന വളർച്ചയാണ് ഇൻഫോസിസ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.