യുവാക്കൾക്കിടയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയിൽ വ്യക്തമായ വിവരങ്ങളില്ലെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: രാജ്യത്തെ യുവാക്കൾക്കും കൗമാരക്കാർക്കുമിടയിൽ വർദ്ധിച്ചുവരുന്ന എം.ഡി.എം.എയുടെയും മറ്റു ലഹരി വസ്തുക്കളുടെയും ഉപയോഗത്തെക്കുറിച്ച് സെൻട്രൽ ബ്യൂറോ ഓഫ് നാർകോട്ടിക്സിന്റെ പക്കൽ വ്യക്തമായ വിവരങ്ങളില്ലെന്ന് കേന്ദ്ര സർക്കാർ. അബ്ദുസ്സമദ് സമദാനി എം.പി ലോക്സഭയിൽ നൽകിയ ചോദ്യത്തിന് സ്പോർട്സ് യുവജനകാര്യ മന്ത്രി മൻസുഖ് മണ്ഡവ്യ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.
2019ൽ കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് നടത്തിയ സർവേ റിപ്പോർട്ട് മാത്രമാണ് ഇതു സംബന്ധമായി കേന്ദ്ര സർക്കാറിന്‍റെ കൈവശമുള്ളത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ പക്കലും ഇതു സംബന്ധമായ വിവരങ്ങൾ ഒന്നും തന്നെ ഇല്ല. കേന്ദ്ര സർക്കാറിന്റെയും സംസ്ഥാന സർക്കാറിന്റെയും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനും ലഹരി വ്യാപാരം തടയാനും നാർക്കോ കോഡിനേഷൻ സെന്‍റർ രൂപീകരിച്ചിട്ടുണ്ട്.
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ സ്കൂളിലും കോളജുകളിലും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. 2020ൽ കേന്ദ്ര സാമൂഹ്യനീതി വകുപ്പ് നാശ മുക്ത ഭാരത് എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഈ പദ്ധതി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലഹരി മരുന്നുകൾ വിൽക്കപ്പെടുന്ന 272 ജില്ലകളെ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.