നരേന്ദ്ര ധബോൽക്കർ വധം: കേസന്വേഷണം 7 വർഷമായിട്ടും പൂർത്തിയായില്ലെന്ന് മകൻ
text_fieldsപൂനെ: നരേന്ദ്ര ധബോൽക്കറെ ഹിന്ദുത്വ തീവ്രവാദികൾ വെടിവെച്ചുകൊന്ന കേസിൽ ഏഴുവർഷം കഴിഞ്ഞും അന്വേഷണം പൂർത്തിയായില്ലെന്ന് മകൻ ഹമീദ് ധബോൽക്കർ. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പൊരുതിയ നരേന്ദ്ര ധബോൽക്കർ മഹാരാഷ്ട്ര അന്തശ്രദ്ധ നിർമുലൻ സമിതി സ്ഥാപകനായിരുന്നു. 2013 ആഗസ്റ്റ് 20നാണ് ധബോൽക്കറെ ഇരുചക്ര വാഹനത്തിലെത്തിയവർ വെടിവെച്ചുകൊന്നത്. സംഭവത്തിലെ പ്രധാന കുറ്റവാളികളെ കണ്ടെത്തി സി.ബി.ഐ കേസ് ഉടൻ അവസാനിപ്പിക്കണമെന്ന് ഹമീദ് ധബോൽകർ ആവശ്യപ്പെട്ടു.
കേസ് അന്വേഷിച്ച ഏജൻസി വിരേന്ദ്ര താവ്ഡെ, ശരത് കലസ്കർ, സചിൻ അന്തുറെ, സഞ്ജീവ് പുനലേകർ, വിക്രം ഭാവെ എന്നിവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചെങ്കിലും അമല കലേ, അമിത് ദെഗ്വേർ, രാജേഷ് ബംഗേര എന്നിവർക്കെതിരെ ഒന്നും ചെയ്തില്ല.
അന്വേഷണം ആരംഭിച്ച് കുറെയായെങ്കിലും ആരാണ് യഥാർഥ കുറ്റവാളിയെന്നതിൽ ഇനിയും തീർപ്പ്കൽപ്പിച്ചിട്ടില്ല. സി.ബി.ഐ അവരെ കണ്ടെത്തണം. അല്ലാത്ത പക്ഷം എഴുത്തുകാരും യുക്തിചിന്തകരും മാധ്യമപ്രവർത്തകരും അടക്കമുള്ളവർക്കുനേരെയുള്ള ഭീഷണികൾ തുടരും.
ധബോൽകർ കൊല്ലപ്പെടുേമ്പാൾ കോൺഗ്രസ്- എൻ.സി.പി സർക്കാരാണ് ഭരിക്കുന്നത്. ഗോവിന്ദ് പൻസാരെ 2015ൽ കൊല്ലപ്പെടുേമ്പാൾ ബി.ജെ.പി-ശിവസേന സർക്കാരാണ് ഭരിച്ചത്. ഇപ്പോൾ സഖ്യ സർക്കാരും. എല്ലാ പാർട്ടികളും മഹാരാഷ്ട്രയുടെ പുരാഗതിക്ക് പിന്നിൽ തങ്ങളാണെന്ന് പറയുന്നവരാണ്. അംബേദ്കറുടെയും ഷാഹു ഫുലേയുടെയും പുരോഗമന ചിന്തകൾ പ്രസംഗങ്ങളിൽ എല്ലാവരും ഉദ്ധരിക്കുന്നു. പക്ഷേ പുരോഗമന ചിന്തകൾക്കായി നിലകൊണ്ടതിൻെറ പേരിൽ കൊല്ലപ്പെട്ട ഒരാളുടെ കേസന്വേഷണം ഇതുവരെയും പൂർത്തിയായില്ല എന്നതാണ് യാഥാർഥ്യം -ഹമീദ് ധബോൽക്കർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.