നരേന്ദ്രഗിരിയുടെ ആത്മഹത്യയുടെ ചുരുളഴിക്കാൻ തിരക്കിട്ട നീക്കവുമായി പൊലീസ്; മഠത്തിലെ ജീവനക്കാരും ശിഷ്യനും കസ്റ്റഡിയിൽ
text_fieldsന്യൂഡൽഹി: പ്രയാഗ്രാജിലെ (അലഹബാദ്) സന്ന്യാസി പ്രമുഖൻ നരേന്ദ്രഗിരിയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസ്. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കത്തിെൻറ തുടർച്ചയാണ് മരണമെന്നാണ് സൂചന.
ശിഷ്യൻ ആനന്ദ് ഗിരിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മഠത്തിലെ നിരവധി ജീവനക്കാരും കസ്റ്റഡിയിലുണ്ട്. കുറ്റവാളികളെ വെറുതെ വിടില്ലെന്ന് സംസ്കാര ചടങ്ങിനെത്തിയ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം ഉന്നതരുമായി ബന്ധമുള്ള സന്ന്യാസിയാണ് അഖില ഭാരതീയ അഖാഡ പരിഷത് അധ്യക്ഷൻ നരേന്ദ്രഗിരി. തിങ്കളാഴ്ച വൈകിട്ടാണ് മഠത്തിനു സമീപത്തെ ഗസ്റ്റ് ഹൗസിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വൈകിട്ടത്തെ പതിവു യോഗത്തിന് കാണാതെ വന്നപ്പോൾ ചെന്നുനോക്കിയ ശിഷ്യന്മാരാണ് മൃതദേഹം കണ്ടത്.
78 പേജ് വരുന്ന ആത്മഹത്യ കുറിപ്പും കണ്ടെടുത്തിരുന്നു. ശിഷ്യനായ ആനന്ദ് ഗിരിയുമായി ഒത്തുപോകാൻ കഴിയുന്നില്ലെന്നും തനിക്കു ശേഷം മഠത്തിെൻറ കാര്യങ്ങൾ എങ്ങനെയാകണമെന്നും ഈ കുറിപ്പിൽ വിവരിക്കുന്നുണ്ട്.
അതേസമയം, കൈയൊപ്പു വെക്കാൻ പോലും പ്രയാസപ്പെടുന്ന നരേന്ദ്രഗിരി ഇത്രയും ദീർഘമായ കുറിപ്പ് എഴുതി എന്നത് വിശ്വസനീയമല്ല എന്നാണ് അഖിലേന്ത്യ സന്ന്യാസി സമിതി ജനറൽ സെക്രട്ടറി ജിതേന്ദ്രാനന്ദ സരസ്വതിയടക്കം ഉന്നയിക്കുന്നത്.
ദുരൂഹമായ പണമിടപാടുകൾ മരണത്തിന് പിന്നിലുണ്ടെന്ന് നിരവധി സന്ന്യാസിമാരും സമുദായ സംഘടനാ പ്രതിനിധികളും സംശയം പ്രകടിപ്പിച്ചു. ശിഷ്യൻ ആനന്ദ് ഗിരിയെ മഠത്തിൽ നിന്ന് അടുത്തയിടെ ഗുരു പുറത്താക്കിയിരുന്നു. പണമിടപാടു തർക്കത്തെ തുടർന്നായിരുന്നു ഇത്. ഗുരുവിെൻറ മരണത്തെ തുടർന്ന് ഇയാളെ ഉത്തരഖണ്ഡിൽ നിന്നാണ് പിടികൂടിയത്.
സന്ന്യാസിയുടെ മരണം സി.ബി.ഐ അന്വേഷണത്തിന് വിടണമെന്ന് ആവശ്യപ്പെടുന്ന ഹരജി അലഹബാദ് ഹൈകോടതി മുമ്പാകെ എത്തിയിട്ടുണ്ട്. സി.ബി.ഐ അന്വേഷണത്തിനു തയാറാണെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.