അനുഗ്രഹിക്കാൻ മോദി ദൈവമൊന്നുമല്ലല്ലോ, ജനാധിപത്യത്തിൽ വിധി ജനം നിശ്ചയിക്കും -സിദ്ധരാമയ്യ
text_fieldsബംഗളൂരു: ‘മോദിജി’യുടെ അനുഗ്രഹത്തിൽനിന്ന് കർണാടക ഒഴിവാകാതിരിക്കാൻ താമരക്ക് വോട്ടുചെയ്യണമെന്ന ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡയുടെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. ആരെയെങ്കിലും അനുഗ്രഹിക്കാൻ മോദി ദൈവമൊന്നുമല്ലല്ലോ എന്ന് സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു. ‘ജനാധിപത്യത്തിൽ സ്ഥാനാർഥികളുടെ വിധിയും തങ്ങളെ ആര് പ്രതിനിധാനം ചെയ്യണമെന്നതുമൊക്കെ ജനം തീരുമാനിക്കും. ആരെയെങ്കിലും അനുഗ്രഹിക്കാൻ നരേന്ദ്ര മോദി ദൈവമൊന്നുമല്ല’-സിദ്ധരാമയ്യയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു.
കർണാടകക്കുമേൽ നരേന്ദ്ര മോദിയുടെ അനുഗ്രഹമുണ്ടാകണമെന്ന ജെ.പി. നഡ്ഡയുടെ പ്രസ്താവനയെ ശക്തമായി അപലപിക്കുന്നുവെന്ന് മറ്റൊരു ട്വീറ്റിൽ സിദ്ധരാമയ്യ കുറിച്ചു. അദ്ദേഹത്തിന് ജനാധിപത്യത്തെക്കുറിച്ചുള്ള മതിയായ പാഠങ്ങളുടെ ആവശ്യമുണ്ടെന്നാണ് തോന്നുന്നതെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
‘എല്ലാ സംസ്ഥാനങ്ങളും തുല്യമാണ്. ഭരണഘടനയുടെ അടിസ്ഥാനത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും തുല്യ അവകാശങ്ങളാണുള്ളത്. ജനാധിപത്യത്തിൽ സ്വേച്ഛാധിപത്യത്തിന് ഇടമില്ല’ -ഇതോടൊന്നിച്ചുള്ള മറ്റൊരു ട്വീറ്റിൽ അദ്ദേഹം കുറിച്ചു.
കർണാടകയിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടയിലാണ് മോദിയുടെ അനുഗ്രഹത്തിൽനിന്ന് കർണാടക ഒഴിവാകാതിരിക്കാൻ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് നഡ്ഡ അഭ്യർഥിച്ചത്. ഒപ്പം, വികസനത്തിൽ പിന്തള്ളപ്പെട്ടുപോകാതിരിക്കാനും താമരക്ക് വോട്ട് ചെയ്യണമെന്നായിരുന്നു നഡ്ഡയുടെ പ്രസ്താവന. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും നടൻ കിച്ച സുദീപും പൊതുയോഗത്തിൽ നഡ്ഡക്കൊപ്പം പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.