'മോദി താനറിയുന്ന ഏറ്റവും വലിയ ജനാധിപത്യവാദി' -പ്രശംസയിൽ മൂടി അമിത് ഷാ
text_fieldsന്യൂഡൽഹി: തനിക്ക് അറിയാവുന്നതിൽ വെച്ച് ഏറ്റവും വലിയ ജനാധിപത്യവാദിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സർക്കാറിന്‍റെ സൻസദ് ടിവി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഈ പുകഴ്ത്തൽ. പ്രധാനമന്ത്രി നരേന്ദ്രമോദി സ്വേച്ഛാധിപതിയാണെന്ന ആരോപണം ഉണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അമിത് ഷാ.
'മോദിജിയോടൊപ്പം പ്രതിപക്ഷത്തും ഭരണപക്ഷത്തും പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു. അദ്ദേഹത്തെപ്പോലെ എല്ലാം ശ്രദ്ധയോടെ കേൾക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല. ഏത് യോഗത്തിലായാലും മോദിജി ആവശ്യത്തിന് മാത്രം സംസാരിക്കുകയും ക്ഷമയോടെ എല്ലാവരെയും കേൾക്കുകയും ചെയ്യുന്നു. അദ്ദേഹം വ്യക്തികളുടെ അഭിപ്രായത്തിന്‍റെ മൂല്യമാണ് പരിഗണിക്കുക. അല്ലാതെ, പറയുന്നയാളുടെ വ്യക്തിത്വത്തിന്റെ വലിപ്പച്ചെറുപ്പമല്ല. തുടർന്നാണ് തീരുമാനം എടുക്കുക. അതിനാൽ അദ്ദേഹം സ്വേച്ഛാധിപതിയാണെന്ന ആരോപണത്തിൽ യാതൊരു കഴമ്പുമില്ല" -അമിത് ഷാ പറഞ്ഞു.
മോദി ഭരണരംഗത്ത് 20 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് എന്നും നിഴലായി കൂടെയുള്ള അമിത്ഷാ പ്രശംസ ചൊരിഞ്ഞത്. 'മോദിജി ഏറ്റവും ജനാധിപത്യപരമായ രീതിയിലാണ് മന്ത്രിസഭയെ നയിക്കുന്നത്. അദ്ദേഹം ഏകപക്ഷീയമായി എല്ലാ തീരുമാനങ്ങളും എടുക്കുന്നുവെന്ന തെറ്റിദ്ധാരണ പ്രചരിക്കുന്നുണ്ട്. പക്ഷേ യാഥാർഥ്യം അങ്ങനെയല്ല. അദ്ദേഹം എല്ലാ വിഷയങ്ങളും ചർച്ചചെയ്യുകയും എല്ലാവരേയും കേൾക്കുകയും ഗുണദോഷങ്ങൾ വിലയിരുത്തുകയും ചെയ്യും. അന്തിമ തീരുമാനം അദ്ദേഹത്തിേന്റതാണ്, കാരണം അദ്ദേഹം പ്രധാനമന്ത്രിയാണ്" -ഷാ വിശദീകരിച്ചു.
രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസത്തിന്‍റെ പേരിൽ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താൻ സത്യം വളച്ചൊടിക്കാൻ ശ്രമിക്കുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സങ്കീർണമായ തീരുമാനങ്ങൾ എടുക്കുമ്പോൾ, തന്‍റെ ഇഷ്ടങ്ങളും താൽപര്യങ്ങളും അടിച്ചേൽപ്പിക്കാതെ സർക്കാറിന്‍റെ നയപരമായ കാര്യങ്ങൾക്കാണ് മോദി പരിഗണന നൽകുന്നത്. ഇന്ത്യ ഒന്നാമത് എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. രാജ്യത്തെ മാറ്റി മറിക്കാനാണ് ഞങ്ങൾ അധികാരത്തിൽ വന്നതെന്നും ഒരു സർക്കാർ നടത്താനല്ലെന്നും മുമ്പ് പലതവണ പറഞ്ഞിട്ടുണ്ട്. സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്നിവയാണ് ഞങ്ങളുടെ ലക്ഷ്യം -അമിത് ഷാ പറഞ്ഞു.
ചില പാർട്ടികൾ സ്വജനപക്ഷപാതമാണ് പ്രത്യയശാസ്ത്രമായി സ്വീകരിച്ചത്. രാജ്യം ഭരിക്കുന്നത് അവരുടെ ജന്മാവകാശമാണെന്നാണ് കരുതുന്നത്. മോദി പ്രധാനമന്ത്രിയായതോടെ ഈ രാഷ്ട്രീയ ശൈലിയിൽ മാറ്റം വരുത്തി. ഇതാണ് അദ്ദേഹത്തെ സ്വഭാവഹത്യചെയ്യാൻ എതിരാളികളെ പ്രേരിപ്പിക്കുന്നത്. നിങ്ങൾക്ക് ഞങ്ങളുടെ നയങ്ങളെ എത്രവേണമെങ്കിലും വിമർശിക്കാം. ഭരണത്തിൽ അഴിമതി ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാം. ഞങ്ങളുടെ പരാജയങ്ങൾ ജനങ്ങളുടെ മുമ്പാകെ തുറന്നുകാട്ടാം. എന്നാൽ, പ്രധാനമന്ത്രി മോദിക്കെതിരെ വ്യക്തിപരമായ ആക്രമണങ്ങൾ നടത്തുന്നത് രാഷ്ട്രീയ സംവാദത്തിന്‍റെ അന്തസ്സ് കുറയ്ക്കുന്ന ഏർപ്പാടാണ് -അമിത് ഷാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.