'ഇന്ത്യ യു.എസിന്‍റെ നിർണായക പങ്കാളി'; കമല ഹാരിസുമായി മോദി കൂടിക്കാഴ്ച നടത്തി
text_fieldsവാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ വൈസ് പ്രസിഡന്‍റ് കമല ഹാരിസും കൂടിക്കാഴ്ച നടത്തി. ഇന്ത്യ-അമേരിക്ക ബന്ധത്തിന് വലിയ പുരോഗതി വഹിക്കാൻ കഴിഞ്ഞെന്ന് സംയുക്ത പ്രസ്താവനയിൽ ഇരു നേതാക്കളും ചൂണ്ടിക്കാട്ടി.
ജോ ബൈഡൻ-കമല ഹാരിസ് ഭരണ നേതൃത്വത്തിൽ ഇന്ത്യ-യു.എസ് ബന്ധം പുതിയ തലത്തിലേക്ക് കടക്കുമെന്ന് മോദി പറഞ്ഞു. ഇരുരാജ്യങ്ങളും സമസ്ത മേഖലകളിൽ മികച്ച സഹകരണമാണുള്ളതെന്ന് മോദി ചൂണ്ടിക്കാട്ടി. കോവിഡ് രണ്ടാം തരംഗത്തിൽ യു.എസ്. നൽകിയ സഹായങ്ങൾക്ക് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി.
ഇന്ത്യ അമേരിക്കയുടെ നിർണായക പങ്കാളിയാണെന്ന് കമല ഹാരിസ് വ്യക്തമാക്കി. ഇരു രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വ്യാപിക്കാനുള്ള നടപടികൾ ഉദ്യോഗസ്ഥ തലങ്ങളിൽ പുരോഗമിക്കുകയാണ്. ഇരു രാജ്യങ്ങളും ഒന്നിച്ചു നിന്നാൽ ലോകത്ത് വലിയ സ്വാധീനം ചെലുത്താൻ സാധിക്കും. കോവിഡ് പ്രതിരോധത്തിനുള്ള ഇന്ത്യയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും കമല ഹാരിസ് വ്യക്തമാക്കി. ഇന്ത്യ കോവിഡ് വാക്സിൻ കയറ്റുമതി ചെയ്ത തീരുമാനത്തെ അമേരിക്ക സ്വാഗതം ചെയ്തു.
കമല ഹാരിസിന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനലബ്ദി ലോകത്തിന് തന്നെ പ്രചോദനമാണെന്ന് വ്യക്തമാക്കിയ മോദി, അവരെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.