മോദിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച് രാഷ്ട്രപതി; ഞായറാഴ്ച സത്യപ്രതിജ്ഞ
text_fieldsന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടിക്കാഴ്ചയിൽ കേന്ദ്രത്തിൽ എൻ.ഡി.എ സർക്കാർ രൂപീകരിക്കാൻ മോദി അവകാശവാദം ഉന്നയിച്ചു. തുടർന്ന് രാഷ്ട്രപതി മോദിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചു. ഞായറാഴ്ച രാത്രി 7.15ന് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റുവാണ് ഇന്ത്യയിൽ മൂന്നുതവണ പ്രധാനമന്ത്രി പദത്തിലിരുന്നത്. നെഹ്റുവിനു ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന വ്യക്തിയാകും 73കാരനായ നരേന്ദ്രമോദി.
''ആസാദി കാ അമൃത് മഹോത്സവത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. മൂന്നാം തവണയും എൻ.ഡി.എ സർക്കാരിന് രാജ്യത്തെ സേവിക്കാൻ ജനങ്ങൾ അവസരം നൽകി. കഴിഞ്ഞ രണ്ട് തവണത്തേയും പോലെ വമ്പിച്ച മുന്നേറ്റം നടത്തുമെന്ന് രാജ്യത്തെ ജനങ്ങൾക്ക് ഞാൻ ഉറപ്പ് നൽകുന്നു. എൻ.ഡി.എ ഭരണത്തിൽ രാജ്യം വളരെ മുന്നോട്ട് പോയി. എല്ലാ മേഖലയിലും മാറ്റം പ്രകടമാണ്. 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറുന്നത് ഓരോ ഇന്ത്യക്കാരനും അഭിമാന നിമിഷമാണ്.''-രാഷ്ട്രപതിയെ അഭിസംബോധന ചെയ്ത് കൊണ്ട് മോദി പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ മോദിയെ എൻ.ഡി.എ നേതാവായി തെരഞ്ഞെടുത്തിരുന്നു. ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു, ജനതാദൾ യുനൈറ്റഡ് പ്രസിഡന്റ് നിതീഷ് കുമാർ, ജനതാദൾ സെക്കുലർ നേതാവ് എച്ച്.ഡി. കുമാരസ്വാമി എന്നിവർ മോദിക്ക് നിരുപാധിക പിന്തുണയും പ്രഖ്യാപിച്ചു.
''കഴിഞ്ഞ 10 വർഷം വെറുമൊരു ട്രെയിലർ ആയിരുന്നു. കൂടുതൽ കഠിനമായി ഞങ്ങൾ ജോലി ചെയ്യും. രാജ്യത്തെ അതിവേഗം വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുവരും. ഞങ്ങളിൽ ജനങ്ങൾക്ക് വിശ്വാസമുണ്ട്. എൻ.ഡി.എയുടെ വിജയത്തിന്റെ തിളക്കം കെടുത്താൻ ഒരുപാട് ശ്രമം നടന്നു. എന്നാൽ എല്ലാം വെറുതെയായി. അതെല്ലാം മുളയിലേ നശിച്ചു പോയി. ഒടുവിൽ എൻ.ഡി.എ സർക്കാർ മൂന്നാംതവണയും സർക്കാർ രൂപീകരിക്കാനൊരുങ്ങുന്നു.''-മോദി പറഞ്ഞു.
ഇന്ത്യക്ക് ശരിയായ സമയത്ത് ലഭിച്ച മികച്ച നേതാവാണ് നരേന്ദ്രമോദിയെന്നാണ് ചന്ദ്രബാബു നായിഡു അഭിപ്രായപ്പെട്ടത്. അദ്ദേഹത്തിന്റെ ഭരണകാലം ഇന്ത്യക്ക് വലിയ അവസരമാണ്. നിങ്ങളിത് നഷ്ടപ്പെടുത്തുകയാണെങ്കിലും എക്കാലത്തേയും വലിയ നഷ്ടമായിരിക്കും. ഞങ്ങൾക്ക് ലഭിച്ച മികച്ച അവസരം ഞങ്ങൾ ഭംഗിയായി പ്രയോജനപ്പെടുത്തിയെന്നും നായിഡു പറയുകയുണ്ടായി.
മോദി ഇന്ത്യയെ വികസനത്തിലേക്ക് നയിക്കുമെന്നതിൽ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹത്തിന് ഉറച്ച പിന്തുണ നൽകുമെന്നുമാണ് നിതീഷ് കുമാർ പ്രഖ്യാപിച്ചത്. മോദിക്കൊപ്പം ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുന്നത് വലിയ നേട്ടമാണെന്നും ഒരു ജോലിയും ചെയ്യാതെ ഒരിക്കൽ പോലും രാജ്യത്തെ സേവിക്കാത്തവരാണ് മോദിയെ വിമർശിക്കുന്നതെന്നും അടുത്ത തവണ വിജയിക്കുമ്പോൾ അവരെല്ലാം തോൽക്കുമെന്നും പ്രതിപക്ഷത്തെ ഉന്നമിട്ട് നിതീഷ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.