മണിപ്പൂരിന്റെ വികസനത്തിനായി പ്രാർഥിക്കുന്നുവെന്ന് നരേന്ദ്ര മോദി
text_fieldsന്യൂഡൽഹി: സംഘർഷം തുടരുന്നതിനിടെ, സംസ്ഥാന രൂപവത്കരണ വാർഷിക ദിനത്തിൽ മണിപ്പൂരിലെ ജനങ്ങൾക്ക് ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ പുരോഗതിക്ക് മണിപ്പൂർ മികച്ച സംഭാവന നൽകിയിട്ടുണ്ടെന്നും സംസ്ഥാനത്തിന്റെ സംസ്കാരത്തിലും പാരമ്പര്യത്തിലും രാജ്യം അഭിമാനിക്കുന്നതായും മണിപ്പൂരിന്റെ തുടർച്ചയായ വികസനത്തിനായി താൻ പ്രാർഥിക്കുന്നതായും മോദി ‘എക്സി’ൽ കുറിച്ചു. ജന്മദിനമാഘോഷിക്കുന്ന ത്രിപുര, മേഘാലയ ജനങ്ങൾക്കും മോദി ആശംസ നേർന്നു.
അതേസമയം, മോദി മണിപ്പൂരിന് ആശംസ നേർന്നതിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. സമൂഹ മാധ്യമങ്ങളിലൂടെ ആശംസ അറിയിക്കാനേ പ്രധാനമന്ത്രിക്ക് കഴിയൂവെന്നും കലാപം മൂലം തീരാദുരിതത്തിലായ ജനങ്ങളെ സന്ദർശിക്കാൻ അദ്ദേഹത്തിന് സമയം കിട്ടിയിട്ടുണ്ടാകില്ലെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ‘എക്സി’ൽ കുറിപ്പിട്ടു. മണിപ്പൂരിന് ആശംസ നേർന്നതിലൂടെ മോദിയുടെ കാപട്യമാണ് പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മേയിൽ തുടങ്ങിയ കലാപത്തിന്റെ തുടർച്ചയായി അവിടെ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സാമൂഹിക സൗഹാർദം തകർന്നു. എന്നിട്ടും മോദി മൗനം പാലിക്കുകയാണ്. സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വത്തെയും പ്രതിപക്ഷത്തെയും കാണാൻ പോലും പ്രധാനമന്ത്രി തയാറാകുന്നില്ലെന്നും ജയ്റാം രമേശ് കുറ്റപ്പെടുത്തി. 1971ലെ നോർത്ത് ഈസ്റ്റ് ഏരിയ (പുന:സംഘടന) നിയമം നിലവിൽ വന്നതോടെയാണ് മണിപ്പൂർ, ത്രിപുര, മേഘാലയ സംസ്ഥാനങ്ങൾ രൂപവത്കൃതമായത്.
അതേസമയം, മണിപ്പൂരിൽ ഇപ്പോഴും സംഘർഷം തുടരുകയാണ്. മെയിൽ കുക്കികളും മെയ്തേയികളും തമ്മിൽ തുടങ്ങിയ സംഘർഷത്തിൽ ഇതുവരെ 200ലേറെ പേർ മരിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ചയും മണിപ്പൂരിൽ സംഘർഷങ്ങളിൽ ആളുകൾ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.