‘അവസരവാദ മാർഗങ്ങളിലൂടെ അധികാരം മുറുകെ പിടിച്ച ആളായിരുന്നില്ല വാജ്പേയ്’; കുതിരക്കച്ചവടത്തിന്‍റെ പാത പിന്തുടർന്നില്ലെന്ന് മോദി
text_fields100-ാം ജന്മവാർഷികത്തിൽ അന്തരിച്ച ബി.ജെ.പി നേതാവും മുൻ പ്രധാനമന്ത്രിയുമായ എ.ബി വാജ്പോയിയുടെ ഓർമകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അവസരവാദ മാർഗങ്ങളിലൂടെ അധികാരം മുറുകെ പിടിച്ച ആളായിരുന്നില്ല വാജ്പേയ് എന്ന് മോദി മാധ്യമങ്ങൾക്ക് നൽകിയ ഓർമകുറിപ്പിൽ വ്യക്തമാക്കി.
കുതിരക്കച്ചവടത്തിന്‍റെ പാത പിന്തുടരുന്നതിനു പകരം 1996ൽ രാജിവെക്കാൻ വാജ്പേയ് തീരുമാനിച്ചു. 1999ൽ അദ്ദേഹത്തിന്‍റെ സർക്കാർ ഒരു വോട്ടിനു പരാജയപ്പെട്ടു. ഒടുവിൽ, ശക്തമായ ജനവിധിയുമായാണ് തിരിച്ചെത്തിയത്.
നമ്മുടെ ഭരണഘടന സംരക്ഷിക്കാനുള്ള പ്രതിബദ്ധതയുടെ കാര്യത്തിലും വാജ്പേയി തലയുയർത്തി നിന്നു. ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ രക്തസാക്ഷിത്വം അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ചു. വർഷങ്ങൾക്കു ശേഷം, അദ്ദേഹം അടിയന്തരാവസ്ഥ വിരുദ്ധ പ്രസ്ഥാനത്തിന്‍റെ നെടുംതൂണായി.
അടിയന്തരാവസ്ഥക്ക് ശേഷമുള്ള 1977ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വന്തം പാർട്ടിയെ (ജനസംഘം) ജനത പാർട്ടിയിൽ ലയിപ്പിക്കാൻ അദ്ദേഹം സമ്മതിച്ചു. അത് അദ്ദേഹത്തിനും മറ്റുള്ളവർക്കും വേദനാജനകമായ തീരുമാനമായിരുന്നിരിക്കുമെന്ന് ഉറപ്പുണ്ട്. പക്ഷേ, ഭരണഘടന സംരക്ഷിക്കുക എന്നതിനു മാത്രമായിരുന്നു അദ്ദേഹം പ്രാധാന്യം നൽകിയത്.
ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായ ശേഷം, യു.എന്നിൽ ഹിന്ദിയിൽ സംസാരിക്കുന്ന ആദ്യത്തെ ഇന്ത്യൻ നേതാവായി വാജ്പേയ് മാറി. ഇത് ഇന്ത്യയുടെ പൈതൃകത്തിലും സ്വത്വത്തിലുമുള്ള അദ്ദേഹത്തിന്‍റെ അപാരമായ അഭിമാനം പ്രകടമാക്കി. പ്രത്യയശാസ്ത്രമോ അധികാരമോ എന്ന തെരഞ്ഞെടുപ്പു വന്നപ്പോഴെല്ലാം വാജ്പേയ് പ്രത്യയ ശാസ്ത്രത്തിനൊപ്പം നിന്നുവെന്നും മോദി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.