ജനം പ്രളയത്തിൽ മുങ്ങിമരിച്ചപ്പോൾ ദുഖിക്കാത്ത മോദി 22കാരിയുടെ ട്വീറ്റിനെ ചൊല്ലി വേവലാതിപ്പെടുന്നു; കടന്നാക്രമിച്ച് പ്രിയങ്ക
text_fieldsഗുവാഹത്തി: അസമിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഒരു 22കാരിയുടെ ട്വീറ്റിനെകുറിച്ച് ഓർത്ത് വേവലാതിപ്പെട്ട മോദി പ്രളയത്തിൽ ദുരിതമനുഭവിച്ച അസമിനെ കുറിച്ച് ഓർത്ത് സങ്കടപ്പെടുന്നില്ലെന്ന് അവർ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം അസമിലെ തെരഞ്ഞെടുപ്പ് റാലിയിൽ കർഷക സമരവുമായി ബന്ധപ്പെട്ട ടൂൾ കിറ്റ് കേസ് ഉയർത്തിക്കാട്ടിയ മോദി അതിന് പിന്നിൽ കോൺഗ്രസിന്‍റെ ഗൂഡാലോചനയാണെന്ന് ആരോപിച്ചിരുന്നു. ഇതിന് മറുപടി നൽകുകയായായിരുന്നു പ്രിയങ്ക. കോവിഡ് മഹാമാരിക്കിടെ ബ്രഹ്മപുത്ര നദി കരകവിഞ്ഞ് ഒഴുകിയുണ്ടായ പ്രളയത്തിൽ അസമിലെ 28 ലക്ഷമാളുകളാണ് ദുരിതമനുഭവിച്ചത്.
'ഞാൻ ഇന്നലെ പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കുകയായിരുന്നു. ഒരു വികസനത്തെക്കുറിച്ച് വളരെ സങ്കടമുണ്ടെന്ന് അദ്ദേഹം വളരെ ഗൗരവത്തോടെ പറഞ്ഞു. അസമിന്‍റെ വികസനത്തെ കുറിച്ചോ ബി.ജെ.പി അസമിൽ പ്രവർത്തിച്ചതിനെ കുറിച്ചോ അദ്ദേഹം സംസാരിക്കുമെന്ന് ഞാൻ കരുതി' -പ്രിയങ്ക പറഞ്ഞു.
'എന്നാൽ ഒരു 22 കാരിയുടെ (ദിശ രവി) ട്വീറ്റിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കുന്നത് കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ആസാമിലെ തേയില വ്യവസായം തകർക്കാൻ കോൺഗ്രസ് ഗൂഡാലോചന നടത്തിയെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ രണ്ട് ചിത്രങ്ങൾ കോൺഗ്രസ് സോഷ്യൽ മീഡിയയിൽ പങ്കുെവച്ചതിനെ കുറിച്ചും അദ്ദേഹം ദുഖിതനായിരുന്നു'- പ്രിയങ്ക പറഞ്ഞു.
അസമിലെ പ്രളയ ദുരന്തത്തെ കുറിച്ചോ സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളിൽ അഞ്ച് യുവാക്കൾക്ക് ജീവൻ നഷ്ടമായതിനെ കുറിച്ചോ അദ്ദേഹം ദുഖിതനാകാതിരുന്നത് എന്തുകൊണ്ടാണെന്ന് അവർ ചോദിച്ചു.
'ആളുകൾ മുങ്ങിമരിക്കുമ്പോൾ നിങ്ങൾ എന്തുകൊണ്ടാണ് അസമിൽ വരാതിരുന്നത്? ബി.ജെ.പി അവരുടെ വലിയ വാഗ്ദാനങ്ങൾ പാലിക്കാതായപ്പോൾ നിങ്ങൾ എന്തുകൊണ്ട് ദുഖിച്ചില്ല? നിങ്ങൾ തേയിലത്തോട്ടങ്ങളിൽ പോയി തൊഴിലാളികളുമായി അവരുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചോ?'-പ്രിയങ്ക മോദിയോട് ചോദിച്ചു.
അഞ്ച് വർഷം മുമ്പ് നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്ത ബി.ജെ.പി സർക്കാർ യുവാക്കൾ, കർഷകർ, തേയിലത്തോട്ട തൊഴിലാളികൾ എന്നിവരുൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും വഞ്ചിച്ചുവെന്നും അവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.