വോട്ടുബാങ്കിനല്ല വികസനത്തിനാണ് മുൻഗണനയെന്ന് നരേന്ദ്ര മോദി
text_fieldsബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്ന കർണാടകയിൽ തുടർച്ചയായ രണ്ടാം സന്ദർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കല്യാണ കർണാടകയിലെ (പഴയ ഹൈദരാബാദ്- കർണാടക മേഖല) യാദ്ഗിർ, കലബുറഗി ജില്ലകളിൽ വിവിധ പരിപാടികളിൽ നരേന്ദ്ര മോദി പങ്കെടുത്തു.
യാദ്ഗിറിലെ കൊടെകലിൽ നാരായൺപുര ലെഫ്റ്റ് കനാൽ നവീകരണ പദ്ധതിക്ക് തറക്കല്ലിട്ട പ്രധാനമന്ത്രി, ബസവ സാഗർ ഡാമിൽ നിർമിച്ച 356 ഓട്ടോമേറ്റഡ് ഗേറ്റുകളുടെ ഉദ്ഘാടനവും നിർവഹിച്ചു. കലബുറഗി മാൽകേഡിൽ പുതുതായി നിർമിച്ച റവന്യൂ വില്ലേജുകളിലെ ബൻജാര, ലംബാനി സമുദായങ്ങൾക്ക് ഭൂരേഖ വിതരണം നിർവഹിച്ച മോദി, സൂറത്ത്- ചെന്നൈ എക്സ്പ്രസ് പാതയുടെ മൂന്നാം പാക്കേജിനും തറക്കല്ലിട്ടു.
വോട്ടുബാങ്കിനല്ല; വികസനത്തിനാണ് ബി.ജെ.പി സർക്കാർ മുൻഗണന നൽകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി യാദ്ഗിറിൽ നടന്ന ചടങ്ങിൽ പറഞ്ഞു. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ഭരണം സൂചിപ്പിച്ച്, ഇരട്ട എൻജിൻ സർക്കാർ എന്നാൽ ഇരട്ടി ക്ഷേമമാണെന്നും കർണാടക ഇതിന് മികച്ച ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
വികസനത്തിന്റെ 25 വർഷം മുന്നിൽകണ്ടാണ് രാജ്യം നീങ്ങുന്നത്. കർഷകനാവട്ടെ, തൊഴിലാളിയാവട്ടെ ഓരോരുത്തർക്കും മെച്ചപ്പെട്ട ജീവിതം ലഭിക്കുമ്പോഴേ ഇന്ത്യയും വികസിക്കൂ. കഴിഞ്ഞ കുറെ ദശകങ്ങളായുള്ള തെറ്റായ അനുഭവങ്ങളിൽനിന്നും നയങ്ങളിൽനിന്നും നമ്മൾ പാഠം പഠിച്ചാലെ ഇതു സാധ്യമാവൂ എന്നും നരേന്ദ്ര മോദി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം കർണാടകയിൽ നടത്തുന്ന രണ്ടാമത്തെ സന്ദർശനമാണിത്. ജനുവരി 12ന് ഹുബ്ബള്ളിയിൽ ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ നരേന്ദ്ര മോദി ഹുബ്ബള്ളി വിമാനത്താവളം മുതൽ റെയിൽവേ മൈതാനം വരെ റോഡ് ഷോ നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.