ഇന്ത്യ അലയൻസിനെക്കാൾ മൂന്നുമടങ്ങ് ഫണ്ട് മോദി ഗവൺമെന്റ് തമിഴ്നാടിനു നൽകിയിട്ടുണ്ട്, എന്നിട്ടും ചിലർ വിമർശിക്കുന്നു; പാമ്പൻ പാലത്തിന്റെ ഉദ്ഘാടന വേളയിൽ മോദി
text_fieldsരാമനാഥപുരം: തമിഴ്നാടിന്റെ അടിസ്ഥാന സൗകര്യ വികസനം തങ്ങളുടെ മുൻഗണന വിഷയങ്ങളിലൊന്നായിരുന്നുവെന്ന് നരേന്ദ്ര മോദി. പുതിയ പാമ്പൻപാലത്തിന്റെ ഉദ്ഘാടനത്തിനിടെ നടത്തിയ പ്രസംഗത്തിൽ കേന്ദ്രം സംസ്ഥാനത്തിനു നൽകിയ വിവിധ പദ്ധതികൾ ചൂണ്ടികാട്ടുകയായിരുന്നു മോദി.
"തമിഴ്നാടിന്റെ അടിസ്ഥാന സൗകര്യ വികസത്തിനാണ് തങ്ങൾ മുൻഗണന നൽകിയിട്ടുള്ളത്. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ സംസഥാനത്തിന്റെ റെയിൽ ബജറ്റ് ഏഴുമടങ്ങായി വർധിപ്പിച്ചു. ഇത്രയും വളർച്ചയുണ്ടായിട്ടും ചിലർ അതൊന്നും അംഗീകരിക്കാതെ കുറ്റം പറയുകയാണ്." മോദി പറഞ്ഞു.
2014 നു മുമ്പ് 900 കോടിയാണ് തമിഴ്നാടിന്റെ റെയിൽ ബജറ്റിനായി അനുവദിച്ചിരുന്നത്. എന്നാൽ അതിനു ശേഷം 6000 കോടിയായി അത് വർധിച്ചുവെന്നും മോദി കൂട്ടിച്ചേർത്തു. രാജ്യത്തെ 77 റെയിൽവേ സ്റ്റേഷനുകൾ ആധുനികവത്കരിക്കാനുള്ള ഗവൺമെന്റിൻറെ പദ്ധതികളിൽ ഒന്ന് രാമേശ്വരത്താണ്. കഴിഞ്ഞ പത്തു വര്ഷത്തിനുള്ളിൽ പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജനയിലൂടെ 4000 കിലോമീറ്റർ വരുന്ന ഗ്രാമീണ റോഡുകളും ഹൈവേകളും തമിഴ്നാട്ടിൽ പണിതിട്ടുണ്ട്.
തമിഴ്നാട്ടിലെ പാവപ്പെട്ടവർക്ക് 12 ലക്ഷത്തോളം വീടുകൾ നിർമിച്ചു നൽകിയെന്നും ചെന്നൈ മെട്രോ തമിഴ്നാട് ജനതയുടെ യാത്രാ സൗകര്യം വർധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിന് തമിഴ്നാടിന് വലിയ പങ്കുണ്ടെന്നും തമിഴ്നാടിന്റെ ശേഷി വികസനത്തിലൂടെ രാജ്യത്തും വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.