ഇന്ത്യാഗേറ്റില്‍ നേതാജിയുടെ ഹോളോഗ്രാം പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു
text_fieldsന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഡൽഹിയിലെ ഇന്ത്യാ ഗേറ്റിൽ ഹോളോഗ്രാം പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു.
ഗ്രാനൈറ്റ് കൊണ്ട് നിർമിക്കുന്ന നേതാജിയുടെ പ്രതിമക്ക് 28 അടി ഉയരവും ആറ് അടി വീതിയുമാണുണ്ടാകുക. പണി പൂർത്തിയാകുന്നതുവരെ ഹോളോഗ്രാം പ്രതിമയാകും ഇന്ത്യഗേറ്റിലുണ്ടാകുക. പ്രധാനമന്ത്രിക്കൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷായും ചടങ്ങിനെത്തിയിരുന്നു.
നേതാജി രാജ്യത്തിന്റെ വീരപുത്രനാണെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. സ്വാതന്ത്രത്തിന് ശേഷം പല തെറ്റുകളും രാജ്യം ചെയ്തുവെന്നും ആ തെറ്റുകൾ തിരുത്തുകയാണെന്നും പ്രതിമ അനാഛാദനവേളയിൽ നരേന്ദ്ര മോദി പറഞ്ഞു.
'ഇതൊരു ചരിത്ര സ്ഥലവും ചരിത്ര സന്ദർഭവുമാണ്. ബ്രിട്ടീഷുകാർക്ക് മുന്നിൽ തലകുനിക്കാൻ നേതാജി വിസമ്മതിച്ചു. അദ്ദേഹത്തിന്റെ പ്രതിമ ജനാധിപത്യ മൂല്യങ്ങൾക്കും ഭാവി തലമുറകൾക്കും പ്രചോദനമാകും. നേതാജിയുടെ 'ചെയ്യാം, ചെയ്യും' എന്ന മനോഭാവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മുന്നോട്ട് പോകണം'-പ്രധാനമന്ത്രി പറഞ്ഞു.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ഉൾപ്പെടുത്തുന്നതിനായി എല്ലാ വർഷവും ജനുവരി 23 ന് രാജ്യത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾ ആരംഭിക്കുമെന്ന് സർക്കാർ ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന്റെ ജന്മദിനം എല്ലാ വർഷവും 'പരാക്രം ദിവസ്' ആയി ആഘോഷിക്കുന്നു.
അതേസമയം ഇന്ത്യ ഗേറ്റിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതി സ്ഥാപിച്ചതുകൊണ്ട് മാത്രം കേന്ദ്രത്തിന്റെ ഉത്തരവാദിത്തം അവസാനിക്കുന്നില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിമർശിച്ചു.
'ഞങ്ങളുടെ സമ്മർദം മൂലമാണ് പ്രതിമ സ്ഥാപിക്കുന്നത്. പ്രതിമ സ്ഥാപിച്ചതുകൊണ്ട് നിങ്ങളുടെ ഉത്തരവാദിത്തം അവസാനിപ്പിക്കുന്നില്ല. നേതാജിക്ക് എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും അറിയില്ല. അത് ഇപ്പോഴും ദുരൂഹമാണ്. ഫയലുകൾ രഹസ്യമാക്കി വയ്ക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. നേതാജിയെക്കുറിച്ചുള്ള ഫയലുകൾ ഞങ്ങൾ ഡിജിറ്റലൈസ് ചെയ്യുകയും തരംതിരിക്കുകയും ചെയ്തിട്ടുണ്ട്'-അവർ പറഞ്ഞു.
നേതാജിയുടെ പേരിൽ ഒരു സർവകലാശാലയും ഇന്ത്യൻ നാഷനൽ ആർമിയുടെ സ്മരണയ്ക്കായി ഒരു സ്മാരകവും മമത ബാനർജി പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.