മോദി ശനിയാഴ്ച വയനാട് സന്ദർശിക്കും
text_fieldsന്യൂഡൽഹി: ഉരുൾപൊട്ടൽ ദുരന്തത്തിൽ വിറങ്ങലിച്ച വയനാട്ടിലെ ചൂരൽമലയും മുണ്ടക്കൈയും പ്രധാനമന്ത്രി നരേന്ദ്രമോദി ശനയാഴ്ച സന്ദർശിക്കും. വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന മോദി, ഹെലികോപ്ടറിലാണ് വയനാട്ടിലേക്ക് തിരിക്കുക. ദുരന്തസ്ഥലവും ദുരിതാശ്വാസ ക്യാമ്പുകളും അദ്ദേഹം സന്ദർശിക്കും.
ഉരുൾപൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ എം.പിമാരും കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ ദുരിതബാധിതർക്കും പുനരധിവാസത്തിനും ദുരന്തമേഖലയിലെ പുനർനിർമാണത്തിനും കേന്ദ്രത്തിൽനിന്ന് ധനസഹായം ലഭ്യമാകും. എന്നാൽ, കേന്ദ്രം ഇതുവരെ അനുകൂലതീരുമാനം എടുത്തിട്ടില്ല. പ്രധാനമന്ത്രിയുടെ വരവോടെ ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
ദുരന്തബാധിത മേഖല സന്ദർശിച്ച രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും രണ്ടുദിവസം അവിടെ ചെലവഴിച്ചിരുന്നു. ജൂലൈ 31ന് ഉരുൾപൊട്ടൽ വിഷയം ലോക്സഭയിൽ ഉന്നയിച്ച രാഹുൽ ഗാന്ധി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ധനസഹായം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിഷയം കേന്ദ്രമന്ത്രിമാരുമായി ചർച്ച ചെയ്യുമെന്നും വയനാടിന് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും രാഹുൽ അന്ന് വ്യക്തമാക്കിയിരുന്നു.
‘വയനാട്ടിലുണ്ടായ ദുരന്തവും വേദനയും ഞാൻ നേരിട്ട് കണ്ടതാണ്. മരണസംഖ്യ 400 കടക്കുമെന്നാണ് കരുതുന്നത്. കേരളത്തിലെ എല്ലാ വിഭാഗക്കാരും വിവിധ ആശയങ്ങൾ പിന്തുടരുന്നവരും ഒന്നിച്ചുനിന്ന് ദുരന്തത്തെ നേരിടുന്നുവെന്നത് വലിയ കാര്യമാണ്. വയനാട് ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. വയനാടിനായി സമഗ്ര പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നു. പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാനാവുന്ന കെട്ടിടങ്ങൾ നിർമിക്കാനുള്ളത് ഉൾപ്പെടെയുള്ള സഹായം വേണം. വയനാട്ടിലെ അവസ്ഥ നേരിട്ട് കണ്ടതാണ്. മിക്ക കുടുംബങ്ങളിലും ഒന്നോ രണ്ടോ ആളുകൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. വയനാടിന്റെ പുനരുദ്ധാരണത്തിനായി സഭയിലെ എല്ലാവരും സഹകരിക്കണം ' -രാഹുൽ ഗാന്ധി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.