പ്രധാനമന്ത്രിയാകും മുമ്പ് കടുത്ത ചൈനീസ് വിരുദ്ധൻ; ശേഷം ചൈനയുമായി മികച്ച സൗഹൃദം
text_fieldsന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില് ഏറ്റുമുട്ടലില്‍ ഒരു കേണൽ അടക്കം 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിന് പിന്നാെല നരേന്ദ്രമോദിയുടെ ചൈനീസ് വിരുദ്ധമായ പഴയ ട്വീറ്റുകളും നിലപാടുകളും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു.
പ്രധാനമന്ത്രി സ്ഥാനാർഥിയായിരുന്നപ്പോൾ ചൈനക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്ന മോദി അധികാരത്തിലേറിയതോടെ ചൈനയുമായി മികച്ച സൗഹൃദമാണ് പുലർത്തിയിരുന്നത്.
2013 ആഗസ്റ്റിൽ നേരന്ദമോദിയുടെ ട്വീറ്റ് ഇങ്ങനെ: ‘‘ചൈന നുഴഞ്ഞുകയറുകയും പാകിസ്താൻ പതിയിരുന്ന് ആക്രമിക്കുകയും ചെയ്യുന്നു. അതിർത്തിയിലെ സുരക്ഷ ഉറപ്പാക്കുന്നതിൽ യു.പി.എ സർക്കാർ അശ്രദ്ധരാണ്. എന്നാണ് കേന്ദ്രസർക്കാർ ഉണരുക?’’
2013ൽ തന്നെയുള്ള മെറ്റാരുചടങ്ങിൽ വെച്ച് പ്രശ്നം അതിർത്തിയിലല്ല, ഡൽഹിയിലാണെന്നും മോദി യു.പി.എ സർക്കാരിനെ ലക്ഷ്യമാക്കി പ്രസ്താവന നടത്തിയിരുന്നു. അരുണാചൽ പ്രദേശിലെ പസിഘട്ടിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ മോദി പറഞ്ഞതിങ്ങനെ : ‘‘ഇന്ത്യയുടെ ഒരിഞ്ച് പോലും എടുക്കാൻ ധൈര്യമുള്ള ഒരു ശക്തിയും ലോകത്തില്ല. ചൈന അവരുടെ കീഴടക്കൽ സ്വഭാവം നിർത്തി വികസനത്തിെൻറ ഭാഷയിലേക്ക് മാറണം’’.
ചൈനയുമായുള്ള വ്യാപാരബന്ധങ്ങളുടെ പേരിലും അതിർത്തി പ്രശ്നങ്ങളുടെ പേരിലും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെതിരെ രൂക്ഷ വിമർശനങ്ങളായിരുന്നു മോദി ഉയർത്തിയിരുന്നത്. നമ്മൾ ശക്തരായി തുടരേണ്ട സമയത്തും നമ്മൾ ദുർബരലായിത്തന്നെ തുടരുകയാണെന്ന് മോദി പരാമർശിച്ചിരുന്നു.
നരേന്ദ്ര മോദി അധികാരത്തിലേറുന്നതോടെ ചൈനയോട് കടുത്ത നിലപാടുകളാകും സ്വീകരിക്കുക എന്നായിരുന്നു വിലയിരുത്തലുകളുണ്ടായിരുന്നത്. ചൈനീസ് അതിർത്തിയിൽ ഗുണപരമായ മാറ്റം കൊണ്ടുവരാനും സൈനിക ശേഷി വർധിപ്പിക്കാനും ബി.ജെ.പി പ്രധാനമന്ത്രിക്കാവുമെന്ന് ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ ചൈനീസ് പഠനവിഭാഗം പ്രൊഫസർ ശ്രീകാന്ത് കൊണ്ടമ്പള്ളി ഉൾപ്പെടെയുള്ളവർ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.
എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രിമാരിൽ ചൈനയുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തിയത് മോദിയാണെന്ന വിമർശനവുമായി കോൺഗ്രസ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. ജവഹർലാൽ നെഹ്റു മുതൽ മോദി വരെയുള്ള പ്രധാനമന്ത്രിമാർ ചൈന സന്ദർശിച്ചതിൻെറ കണക്കുകൾ നിരത്തി കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ ട്വീറ്റ് ചെയ്തു. മൻമോഹൻ സിങ് രണ്ടുതവണ മാത്രം ചൈന സന്ദർശിച്ചപ്പോൾ നരേന്ദ്രമോദി പ്രധാനമന്ത്രിയായി അഞ്ചുതവണയും ഗുജറാത്ത് മുഖ്യമന്ത്രിയായി നാലുതവണയും ചൈന സന്ദർശിച്ചിട്ടുണ്ട്.
നരേന്ദ്രമോദി സർക്കാർ അധികാരമേറ്റ് മാസങ്ങൾക്കകം ചൈനീസ് പ്രസിഡൻറ് ഷീ ജിൻ പിങ് ഇന്ത്യ സന്ദർശിച്ചിരുന്നു. നരേന്ദ്രമോദിയുടെ ജന്മനാടായ ഗുജറാത്തിലെ അഹ്മദാബാദിലാണ് ഷീ വിമാനമിറങ്ങിയത്. സബർമതി നദിക്കരക്കരയിൽ വെച്ചുള്ള ഇവരുടെ കൂടിക്കാഴ്ചയും ചിത്രങ്ങളും വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു.
2019 ഒക്ടോബറിൽ തമിഴ്നാട്ടിലെ മഹാബലിപുരത്തായിരുന്നു ഷീ ജിൻ പിങ് അവസാനമായി ഇന്ത്യയിലെത്തിയത്. അനൗപചാരിക കൂടിക്കാഴ്ചക്കിടെ ദക്ഷിണേന്ത്യൻ വസ്ത്രങ്ങളിഞ്ഞ് നിൽക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ വൈറലായിരുന്നു. മോദി പ്രധാനമന്ത്രിയായ ആറു വർഷത്തിനിടെ എട്ടു തവണയാണ് പ്രസിഡൻറ് ഷീയുമായി ഇന്ത്യയിലും ചൈനയിലുമായി കൂടിക്കാഴ്ച നടത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.