മോദിരാജ്
text_fieldsക്രാന്തദർശിയായ രാഷ്ട്രശിൽപി ജവഹർലാൽ നെഹ്റുവിനുശേഷം തുടർച്ചയായി മൂന്നാംവട്ടം ഇന്ത്യൻ പ്രധാനമന്ത്രി പദമേറുന്നയാൾ എന്ന ഖ്യാതി നരേന്ദ്ര ദാമോദർദാസ് മോദി സ്വന്തമാക്കുമ്പോൾ തെളിയുന്നത്, 77 വർഷം കൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിലും മത-സാമൂഹിക ജീവിതത്തിലും സംഭവിച്ച നാടകീയമായ മാറ്റങ്ങളാണ്. 2002ലെ വംശഹത്യ നടമാടുംവരെ ഗുജറാത്തിന് പുറത്തുള്ള ബി.ജെ.പിക്കാർക്ക് പോലും ചിരപരിചിതനല്ലാതിരുന്ന മോദി ഒരു വ്യാഴവട്ടം കൊണ്ട് പാർട്ടിയുടെയും രാജ്യത്തിന്റെയും സർവാധികാരി കണക്കെ ഉയർന്നു.
1950 സെപ്റ്റംബർ 17ന് ഗുജറാത്തിലെ മണിനഗറിൽ ദാമോദർ ദാസ് മൂൽചന്ദ് മോദിയുടെയും ഹീരാബെന്നിന്റെയും ആറുമക്കളിൽ മൂന്നാമനായി ജനിച്ച നരേന്ദ്ര ബാല്യം മുതൽക്ക് ആർ.എസ്.എസിനൊപ്പമാണ് വളർന്നത്. വട്നഗർ റെയിൽവേ സ്റ്റേഷനിൽ ചായവിൽപന നടത്തിയിരുന്ന പിതാവിന്റെ സഹായിയായി ചെറുപ്പത്തിൽ ട്രെയിനുകളിൽ താൻ ചായക്കച്ചവടം നടത്തിയിരുന്നതായി പിൽക്കാലത്ത് മോദി പറഞ്ഞിട്ടുണ്ട്. പതിനെട്ടാം വയസ്സിൽ ജശോദ ബെന്നിനെ വിവാഹം ചെയ്തെങ്കിലും ദാമ്പത്യ ജീവിതം മുന്നോട്ടുപോയില്ല. ഡൽഹി സർവകലാശാലയിൽനിന്ന് ബി.എയും ഗുജറാത്ത് സർവകലാശാലയിൽനിന്ന് എന്റയർ പൊളിറ്റിക്കൽ സയൻസിൽ എം.എയും നേടിയെന്നതിനെക്കുറിച്ച് ഏറെ വിവാദങ്ങളുണ്ട്.
1971 മുതൽ മുഴുവൻ സമയ ആർ.എസ്.എസ് പ്രചാരകനായ മോദി 1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതോടെ ഒളിപ്രവർത്തനങ്ങളിലേർപ്പെട്ടു. അടിയന്തരാവസ്ഥയെ ചെറുക്കാൻ ആർ.എസ്.എസ് രൂപം നൽകിയ ഗുജ്റാത്ത് ലോക് സംഘർഷ് സമിതി ജനറൽ സെക്രട്ടറിയായി നാടൊട്ടുക്ക് സഞ്ചരിച്ചു. 1985ലെ അഹ്മദാബാദ് നഗരസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ മികച്ച വിജയത്തിൽ പങ്കുവഹിച്ച മോദിയെ 1987ൽ ആർ.എസ്.എസ് നിർദേശപ്രകാരം ബി.ജെ.പി ഗുജറാത്ത് ഓർഗനൈസിങ് സെക്രട്ടറിയാക്കി. രാമരഥയാത്രയിൽ എൽ.കെ. അദ്വാനിയുടെ മുഖ്യസഹായിയായും മുരളി മനോഹർ ജോഷിയുടെ ഏകതായാത്രയുടെ സംഘാടകനായും വർത്തിച്ച മോദിയെ 1995ൽ പാർട്ടി ദേശീയ സെക്രട്ടറിയാക്കി.
കേശുബായ് പട്ടേലിനെ മാറ്റി 2001 ഒക്ടോബറിലാണ് എം.എൽ.എ പോലുമല്ലായിരുന്ന മോദി ഗുജറാത്ത് മുഖ്യമന്ത്രി പദമേറുന്നത്. ഉപതെരഞ്ഞെടുപ്പിൽ രാജ്കോട്ട് നിയമസഭാ മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടതിന്റെ മൂന്നാം നാളാണ് കുപ്രസിദ്ധമായ ഗുജറാത്ത് വംശഹത്യക്ക് തുടക്കമാവുന്നത്.
ആയിരക്കണക്കിന് മനുഷ്യജീവനും കോടികളുടെ സമ്പത്തും നാടിന്റെ സമാധാനവും കവർന്നെടുക്കപ്പെട്ട ഗുജറാത്ത് വംശഹത്യ അരങ്ങേറാൻ മോദി ഭരണകൂടം സകലസന്നാഹങ്ങളുമൊരുക്കിനൽകി എന്ന ആക്ഷേപം ഇന്നും സജീവ ചർച്ചയാണ്. അന്ന് പ്രധാനമന്ത്രിയായിരുന്ന സമുന്നത ബി.ജെ.പി നേതാവ് എ.ബി. വാജ്പേയി മോദിയോട് രാജധർമം പാലിക്കാൻ ഉപദേശിക്കുക പോലും ചെയ്തു. എന്നാൽ, സുപ്രീംകോടതി മോദിക്ക് ക്ലീൻചിട്ട് നൽകി. തുടർന്ന് രണ്ടുവട്ടം വൻഭൂരിപക്ഷത്തോടെ മോദി ബി.ജെ.പിയെ ഗുജറാത്തിൽ അധികാരത്തിലേറ്റി.
വമ്പൻ വ്യവസായികളെ ക്ഷണിച്ച് സംഘടിപ്പിച്ച നിക്ഷേപക സംഗമം രാജ്യത്തിന്റെ വളർച്ചക്ക് മോദിയെപ്പോലൊരു ദേശീയ നേതാവിനെയാണാവശ്യം എന്ന പ്രതീതി സൃഷ്ടിച്ചു. അതിനു പിന്നാലെ മുതിർന്ന നേതാക്കളെ മറികടന്ന് 2014ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി. യു.പി.എ സർക്കാറിനെതിരെ ആർ.എസ്.എസ് പിന്നണിയിൽ നിന്ന് സംഘടിപ്പിച്ച അഴിമതി വിരുദ്ധ സമരങ്ങൾ മോദിയുടെ ശ്രമങ്ങളെ ആയാസരഹിതമാക്കി. പതിനാറാമത് ലോക്സഭാ തെരഞ്ഞെടുപ്പിൽ ‘മോദി തരംഗ’ത്തിന്റെ ബലത്തിൽ ബി.ജെ.പി അധികാരത്തിലേറി. ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും സ്ത്രീകളുടെയും തൊഴിലാളികളുടെയുമെല്ലാം ജീവിതം അതീവ ദുരിതത്തിൽ കൊണ്ടെത്തിച്ച ഒന്നാം മോദി സർക്കാർ നടപ്പാക്കിയ നോട്ടുനിരോധനം ഭരണകൂടത്തിനെതിരെ ജനരോഷം ശക്തമാക്കി. എന്നാൽ, പുൽവാമ ഭീകരാക്രമണവും അതിന് മറുപടിയായി ഇന്ത്യൻ സൈന്യം നടത്തിയ ഓപറേഷനും മോദിക്ക് പിടിവള്ളിയായി. ദേശീയതാ വികാരം കത്തിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട മോദിയും സംഘവും കൂടിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി.
വർഗീയ-വിഭാഗീയ നടപടികൾക്ക് മതേതര ഇന്ത്യൻ ഭരണകൂടവും ഭരണാധികാരികളും നേരിട്ട് നേതൃത്വം നൽകുന്ന കാഴ്ചകൾക്കാണ് മോദിയുടെ ഭരണകാലം സാക്ഷ്യംവഹിച്ചത്. ചങ്ങാത്ത മുതലാളിത്തവും മാധ്യമവേട്ടയും പൗരാവകാശ ധ്വംസനവും പൗരത്വ വിവേചനവും കർഷകപീഡനവും നടത്തി നീങ്ങിയ രണ്ടാം മോദി സർക്കാർ വിമർശന ശബ്ദങ്ങളെ വെച്ചുപൊറുപ്പിച്ചില്ല. പ്രതിപക്ഷ സംസ്ഥാനങ്ങളെ ശത്രുരാജ്യമെന്ന മട്ടിൽ പരിഗണിക്കുകയും മുഖ്യമന്ത്രിമാരുൾപ്പെടെയുള്ളവരെ ജയിലിലടക്കുകയും ചെയ്തു. ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമിച്ച ക്ഷേത്രത്തിന്റെ ശിലയിടലും പ്രതിഷ്ഠയും പ്രധാനമന്ത്രി തന്നെ നിർവഹിച്ചു. ഒടുവിൽ വിദ്വേഷക്കൊടുങ്കാറ്റായി തെരഞ്ഞെടുപ്പ് പ്രചാരണം. പക്ഷെ, കണക്കുകൂട്ടൽ തെറ്റിച്ച് കേവല ഭൂരിപക്ഷം നേടാനാവാതെ പോയി. ഘടക കക്ഷികളുടെ പിൻബലത്തിൽ മാത്രം നിലനിൽക്കുന്ന ഒരു സർക്കാറിനെ നയിക്കാനുള്ള നിയോഗമാണ് മൂന്നാമൂഴത്തിൽ മോദിക്ക് വന്നുചേർന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.