നർമദ തീരത്ത് ബലപ്രേയാഗത്തിലൂടെ വൻ കുടിയൊഴിപ്പിക്കലിന് മധ്യപ്രദേശ് നീക്കം
text_fieldsന്യൂഡൽഹി: സുപ്രീംകോടതി വിധി ഭാഗികമായി നടപ്പാക്കി നർമദ നദീതീരത്തുനിന്ന് ബലമായി ജനങ്ങളെ കുടിയൊഴിപ്പിക്കാൻ മധ്യപ്രദേശ് സർക്കാർ. ജലനിരപ്പ് 138.68 മീറ്ററാക്കാൻ ഷട്ടർ താഴ്ത്തുന്നതോടെ 192 ഗ്രാമങ്ങളും ഒരു ടൗണും വെള്ളത്തിലാകും. ഇതോടെ, 40,000 കുടുംബങ്ങളിലെ രണ്ടു ലക്ഷത്തിലേറെ പേരുടെ ജീവിതവും വെള്ളത്തിലാകും. പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പൗരപ്രമുഖർ രാഷ്ട്രപതിയെ സമീപിച്ചു.
2017 ഫെബ്രുവരി എട്ടിലെ സുപ്രീംകോടതി ഉത്തരവിെൻറ രണ്ടാംഭാഗം ഉയർത്തിയാണ് ജൂലൈ 31ന് മുമ്പ് ഗ്രാമങ്ങൾ വിട്ടുപോകണമെന്ന് സർക്കാർ അന്തിമ നിർദേശം നൽകിയത്. നഷ്ടപരിഹാരവും പുനരധിവാസവും മേയ് എേട്ടാടെ പൂർത്തിയാക്കണമെന്ന് ഉത്തരവിെൻറ ഒന്നാം ഭാഗത്തുണ്ട്. ഇത് പൂർണമായി നടപ്പാക്കാതെയാണ് വൻ കുടിയൊഴിപ്പിക്കലിന് നീക്കം തുടങ്ങിയത്.
പദ്ധതി ബാധിക്കുന്നത് 31,180 കുടുംബങ്ങളെയാണെന്ന് 2008ൽ പറഞ്ഞ സർക്കാർ, 2017ൽ എണ്ണം 18,346 ആക്കി കുറച്ചു. വസ്തുതാന്വേഷണം നടത്തിയ സംഘമാണ് ഇത് പുറത്തുകൊണ്ടുവന്നത്. തുടർന്ന്, രാഷ്ട്രപതിയെ സന്ദർശിച്ച് നിരവധിപേർ ഒപ്പുെവച്ച നിവേദനം സമർപ്പിക്കുകയായിരുന്നു. അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻ മൊല്ല, നാഷനൽ ഫെഡറേഷൻ ഒാഫ് ഇന്ത്യൻ വുമൺ ജനറൽ സെക്രട്ടറി ആനിരാജ, നാപാം പ്രതിനിധികളായ വിമൽ ഭായി, ഹിമാഡി സിങ്, ഡോ. സുനിൽ ആം എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
കുടിയൊഴിപ്പിക്കപ്പെടുന്നവരെ സംബന്ധിച്ച സർവേ നടപടികൾ സർക്കാർ ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് വാർത്തസമ്മേളനത്തിൽ ഹനൻ മൊല്ല കുറ്റപ്പെടുത്തി. നിരവധി കുടുംബങ്ങൾ പുനരധിവാസ പദ്ധതിക്ക് പുറത്താണ്. പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തി പദ്ധതിബാധിത പ്രദേശങ്ങളിലുള്ളവർക്ക് വീടുവെക്കാൻ 1.32 ലക്ഷത്തിെൻറ പാക്കേജ് നടപ്പാക്കുമെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി പറഞ്ഞത്. ചുരുക്കം കുടുംബങ്ങൾ മാത്രം ഉൾക്കൊള്ളുന്ന രീതിയിലാണ് യോഗ്യത മാനദണ്ഡം -മൊല്ല ചൂണ്ടിക്കാട്ടി.
ലക്ഷക്കണക്കിന് മരങ്ങൾ മുങ്ങുന്നതോടെ ഉണ്ടാകുന്ന ക്ലോറോഫ്ലൂറോ കാർബൺ വാതകത്തിെൻറ പ്രത്യാഘാതത്തെക്കുറിച്ച് പഠനം നടത്തിയിട്ടില്ലെന്ന് വിമൽ ഭായി പറഞ്ഞു. സമഗ്ര റീസർവേ നടത്താൻ സംസ്ഥാനത്തോട് നിർദേശിക്കുക, പദ്ധതിബാധിത ജനങ്ങൾക്കുള്ള പുനരധിവാസത്തിന് പ്രഥമ പരിഗണന നൽകുക എന്നിവയടക്കം അഞ്ച് ആവശ്യങ്ങളാണ് നിവേദനത്തിൽ ഉൾപ്പെടുത്തിയത്. പ്രശ്നം പഠിച്ചശേഷം ആവശ്യമായ നടപടി എടുക്കാമെന്ന് രാഷ്ട്രപതി അറിയിച്ചതായി ഹനൻ മൊല്ല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.