നരോദ ഗാം കൂട്ടക്കൊല: അന്വേഷണസംഘത്തെയും പ്രോസിക്യൂഷനെയും വിമർശിച്ച് കോടതി
text_fieldsഅഹ്മദാബാദ്: ബി.ജെ.പി മുൻമന്ത്രി മായ കോട്നാനി ഉൾപ്പെടെയുള്ള മുഴുവൻ പ്രതികളെയും വെറുതെവിട്ട 2002ലെ നരോദ ഗാം കൂട്ടക്കൊല കേസിൽ പ്രോസിക്യൂഷനെയും സുപ്രീംകോടതി നിയമിച്ചിരുന്ന അന്വേഷണസംഘത്തെയും വിമർശിച്ച് കോടതി. ഗുജറാത്ത് കലാപത്തിനിടെ 11 പേരെ ജീവനോടെ ചുട്ടുകൊന്ന കേസിൽ 67 പേരെ വെറുതെവിട്ട് കഴിഞ്ഞ മാസം പുറപ്പെടുവിച്ച വിധിയുടെ വിശദാംശങ്ങളിലാണ് പ്രത്യേക കോടതിയുടെ കടുത്ത വിമർശനം.
പ്രോസിക്യൂഷൻ സാക്ഷിമൊഴികൾ വൈരുധ്യമുള്ളതും വിശ്വസിക്കാൻ കൊള്ളാത്തതുമായിരുന്നെന്ന് പ്രത്യേക കോടതി ചൂണ്ടിക്കാട്ടി. പ്രത്യേക അന്വേഷണസംഘത്തിന് കേസ് കൈമാറുമ്പോൾ അന്വേഷണവും പ്രത്യേകതയുള്ളതാക്കാൻ ഉദ്യോഗസ്ഥന് ഉത്തരവാദിത്തമുണ്ടായിരുന്നുവെന്ന് സ്പെഷൽ ജഡ്ജ് എസ്.കെ. ബക്സി വിധിയിൽ പറഞ്ഞു. ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. 2008ലാണ് പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുത്തത്. അതിനുമുമ്പുള്ള ചില സാക്ഷികളുടെ പിന്നീടുള്ള മൊഴിയിൽ വൈരുധ്യമുണ്ടായിരുന്നു. അജ്ഞാതരായ ആക്രമികൾ ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തും തകർത്തെങ്കിലും ഇത് ക്രിമിനൽ ഗൂഢാലോചനക്കും നിയമവിരുദ്ധമായ ഒത്തുചേരലിനും ശേഷമാണെന്ന വാദത്തിന് തെളിവുണ്ടായിരുന്നില്ല.
കുറ്റം നടക്കുന്ന സമയത്ത് സ്ഥലത്തില്ലായിരുന്നെന്ന മായ കോട്നാനിയുൾപ്പെടെയുള്ള 21 പ്രതികളുടെ ഒഴികഴിവ് വാദം കോടതി അംഗീകരിച്ചു. പ്രതികളുടെ ഈ വാദത്തെക്കുറിച്ച് അന്വേഷിച്ചില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കലാപ സമയത്ത് ഗുജറാത്ത് നിയമസഭയിലും പിന്നീട് അഹ്മദാബാദിലെ സോൾവ സിവിൽ ആശുപത്രിയിലുമായിരുന്നു താനെന്നായിരുന്നു മായ കോട്നാനിയുടെ വാദം. പ്രധാന സാക്ഷിയടക്കം പ്രോസിക്യൂഷൻ ഹാജരാക്കിയവരിൽ പലരും പരസ്പരവിരുദ്ധമായണ് സംസാരിച്ചതെന്നും വിധിന്യായത്തിൽ പറയുന്നു. പ്രതിയും ബജ്റഗ്ദൾ നേതാവുമായ ബാബു ബജ്റംഗിയുടെ മാധ്യമപ്രവർത്തകനായ ആശിഷ് ഖേത്തന്റെ ഒളികാമറക്ക് മുന്നിൽ കുറ്റസമ്മതം നടത്തിയതും കോടതി പരിഗണിച്ചില്ല.
വിഡിയോ റെക്കോഡിങ്ങിലെ പലഭാഗങ്ങളും മാഞ്ഞുപോയതായി കോടതി പറഞ്ഞു. കോടതിക്ക് പുറത്തുള്ള കുറ്റസമ്മതം തെളിവായി പരിഗണിക്കാൻ കൃത്യത വേണമെന്നും കോടതി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.