നരോദഗാം: അപ്പീൽ പോകണമെന്ന് കോൺഗ്രസ്; ആപിന് മൗനം
text_fieldsന്യൂഡൽഹി: നരോദഗാമിൽ 11 മുസ്ലിംകളെ ചുട്ടുകൊന്ന കേസിൽ വിചാരണ കോടതി വിധിക്കെതിരെ ഗുജറാത്ത് സർക്കാർ അപ്പീൽ നൽകണമെന്ന് കോൺഗ്രസ്. പ്രോസിക്യൂഷന്‍റെ ഭാഗത്ത് സ്പഷ്ടമായ വീഴ്ച പ്രകടമാണെന്ന് പാർട്ടി വക്താവ് ജയ്റാം രമേശ് അഭിപ്രായപ്പെട്ടു.
വിധിപ്പകർപ്പ് പുറത്തുവരുമ്പോൾ മാത്രമാണ് കൂടുതൽ വിശദാംശങ്ങൾ അറിയാനാവുക. എന്നാൽ പ്രോസിക്യൂഷൻ ഉത്തരവാദിത്തം നിർവഹിച്ചില്ലെന്ന് വ്യക്തമാണ്. അങ്ങനെ ഉണ്ടായിട്ടില്ലെന്ന് സർക്കാറിനും പ്രോസിക്യൂഷനും പറയാൻ കഴിയണമെങ്കിൽ ഗൗരവപൂർവം അപ്പീൽ നൽകണം. നിതാന്ത ജാഗ്രതയിലൂടെ നേടിയെടുക്കേണ്ടതാണ് നീതി. കേസിന്‍റെ പുരോഗതി കോൺഗ്രസ് പിന്തുടരും. ഹീനമായ കുറ്റകൃത്യത്തിന്‍റെ ഇരകളെ പിന്തുണക്കുന്നു. വൈകിയാലും നീതി നിഷേധിക്കപ്പെടില്ലെന്നാണ് പ്രതീക്ഷ -ജയ്റാം രമേശ് പറഞ്ഞു.
കോൺഗ്രസ് മുൻ എം.പി ഇസ്ഹാൻ ജാഫരി കൊല്ലപ്പെട്ട സംഭവത്തിൽ ഉൾപ്പെടെ, ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട പ്രതികരണങ്ങളിൽ വലിയ സൂക്ഷ്മത കോൺഗ്രസ് കാണിച്ചു വരുന്നതാണ് രീതി. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലാണ് ഈ മിതത്വം. കോൺഗ്രസിന്‍റെ പ്രസ്താവനകൾ ബി.ജെ.പി ആയുധമാക്കുകയും ചെയ്യുന്നു.
കോൺഗ്രസിനെ തള്ളിമാറ്റുന്ന വിധം ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ സജീവമായിരുന്ന ആം ആദ്മി പാർട്ടിയാകട്ടെ, നരോദഗാം കേസിലെ വിധിയെക്കുറിച്ച് മൗനംപാലിച്ചു. പാർട്ടിയുടെ മൃദുഹിന്ദുത്വ സമീപനങ്ങൾക്കിടെയാണിത്.
നിയമവാഴ്ച ആഘോഷിക്കുകയാണോ, നിയമവാഴ്ചക്ക് ചരമഗീതം പാടുകയാണോ വേണ്ടതെന്ന ചോദ്യമാണ് കോൺഗ്രസ് വിട്ട കപിൽ സിബൽ നരോദഗാം വിധിക്ക് പിന്നാലെ ഉയർത്തിയത്. ആരാണ് കൊന്നതെന്ന് അന്വേഷകർ കണ്ടെത്തിയതാണ്. എന്നാൽ പ്രതികളെ ശിക്ഷിക്കാനാണോ, വിട്ടയക്കാനാണോ പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്? അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.