മോദി എന്നെങ്കിലും ഒരു മുസ്‍ലിം തൊപ്പി ധരിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നതായി നസിറുദ്ദീൻ ഷാ
text_fieldsന്യൂഡൽഹി: മോദി എന്നെങ്കിലും ഒരു മുസ്‍ലിം തൊപ്പി ധരിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നതായി പ്രശസ്ത നടനും സാമൂഹിക വിമർശകനുമായ നസിറുദ്ദീൻ ഷാ. പ്രധാനമന്ത്രിയായി നരേന്ദ്രമോദി മൂന്നാമതും സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ വാർത്ത പോർട്ടലായ ‘ദി വയറി’നു വേണ്ടി വിഖ്യാത മാധ്യമ പ്രവർത്തകൻ കരൺ ഥാപ്പറുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി എന്നെങ്കിലും ഒരു മുസ്‍ലിം തൊപ്പി ധരിക്കുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നു. ഇങ്ങനെ സംഭവിച്ചാൽ മുസ്‌ലിംകളോട് മോദിക്ക് ഒരു വെറുപ്പും ഇല്ലെന്ന് ആ പ്രവർത്തനം സൂചിപ്പിക്കും. അത് മുസ്‍ലിംകളെ ബോധ്യപ്പെടുത്താൻ അദ്ദേഹത്തിന് കഴിയുമെങ്കിൽ അത് വലിയ സഹായമായിരിക്കും.
വർഷങ്ങളായുള്ള മോദിയുടെ സംസാരത്തിൽ വിവേകം കുറഞ്ഞ് വരികയാണ്. താൻ ദൈവം അയച്ചതാണെന്നോ ദൈവമാണെന്നോ മോദി വിശ്വസിക്കുന്നുവെങ്കിൽ അത് ഭയപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആജീവനാന്ത പ്രധാനമന്ത്രിയാകുമെന്ന് മോദി കരുതിയിരുന്നെങ്കിലും ഇപ്പോൾ അധികാരം പങ്കിടുക എന്നത് അദ്ദേഹത്തിന് വിഴുങ്ങാനുള്ള കയ്പേറിയ ഗുളികയായിരിക്കും.
പഴയ മോദിയിൽ നിന്ന് പുതിയ മോദിയായി മാറുന്നത് എളുപ്പമാണോ എന്ന് ഥാപ്പർ ചോദിച്ചപ്പോൾ പ്രധാനമന്ത്രിക്ക് അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് നസിറുദ്ദീൻ ഷാ പ്രതികരിച്ചു. അദ്ദേഹം അത്ര നല്ല നടനല്ല, മോദിയുടെ അളന്ന പുഞ്ചിരിയും മുതലക്കണ്ണീരും എന്നെ ഒരിക്കലും തൃപ്തിപ്പെടുത്തിയിട്ടില്ല. പുതിയ മോദിയാകാൻ അദ്ദേഹത്തിന് കഴിയില്ലെന്നും ഷാ കൂട്ടിച്ചേർത്തു.
10 വർഷത്തിനിടയിലെ ഏറ്റവും മോശം ഫലത്തിലേക്ക് ബി.ജെ.പി ഭൂരിപക്ഷം കുറഞ്ഞു എന്ന വാർത്ത കേട്ടപ്പോൾ താൻ ആശ്വാസത്തിന്റെ നെടുവീർപ്പ് പുറപ്പെടുവിച്ചതായും നസിറുദ്ദീൻ ഷാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.