'മരിച്ചവരുടെ സമീപത്തുനിന്ന് ഓക്സിജൻ സിലിണ്ടർ തട്ടിയെടുക്കും'; നാസിക്കിലെ ആശുപത്രിയിൽ അരങ്ങേറിയത് ദാരുണ സംഭവങ്ങൾ
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ ഓക്സിജൻ ടാങ്കർ ചോർന്ന് 24 കോവിഡ് രോഗികൾ മരിക്കാനിടയായ സംഭവത്തിൽ പുറത്തുവരുന്നത് ദാരുണ വിവരങ്ങൾ. സാക്കിർ ഹുസൈൻ ആശുപത്രിയിൽ ബുധനാഴ്ചയായിരുന്നു സംഭവം. വെൻറിലേറ്ററിൽ കഴിയുന്ന 24 രോഗികളാണ് മരണത്തിന് കീഴടങ്ങിയത്. ഒാക്സിജൻ ടാങ്കറിന് ചോർച്ച സംഭവിച്ചതോടെ വെന്‍റിലേറ്ററിലേക്കുള്ള ഓക്സിജൻ വിതരണം തടസപ്പെടുകയായിരുന്നു.
നാസികിൽ കോവിഡ് രോഗികെള ചികിത്സിക്കുന്ന പ്രധാന ആശുപത്രികളിലൊന്നാണ് സാക്കിർ ഹുസൈൻ ആശുപത്രി. അത്യാസന്ന നിലയിലായ ഒരു രോഗി മരിച്ചുകഴിഞ്ഞ് നിമിഷങ്ങൾക്കകം അയാൾക്ക് ഘടിപ്പിച്ചിരുന്ന ഓക്സിജൻ സിലിണ്ടറിനായി മറ്റു രോഗികളുടെ ബന്ധുക്കൾ വട്ടം കൂടുകയായിരുന്നുവെന്ന് 23കാരനായ വിക്കി ജാദവ് പറയുന്നു. മരണത്തിന്‍റെ ചൂടാറും മുേമ്പ ആ ഒാക്സിജൻ സിലിണ്ടർ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി തട്ടിപ്പറിച്ചെടുക്കും. തന്‍റെ മുത്തശ്ശിക്ക് വേണ്ടി ഇത്തരത്തിൽ ഓക്സിൻ സിലിണ്ടർ സംഘടിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും വിക്കി ജാദവ് പറയുന്നു.
വിക്കിയുടെ മുത്തശ്ശി 65കാരിയായ സുഗന്ദ തോറട്ടുൾപ്പെടെ 24 രോഗികളാണ് ഓക്സിജൻ ചോർച്ചയെ തുടർന്ന് മരിച്ചത്. 'നമ്മുടെ കൺമുമ്പിൽ ഒരാൾ മരിക്കുന്നതുകണ്ടാൽ മണിക്കൂറുകളോളം അതിന്‍റെ ആഘാതമുണ്ടാകും. മരിച്ച രോഗികളുടെ സമീപത്തുനിന്ന് ഉടൻ തന്നെ ഓക്സിജൻ സിലിണ്ടർ തട്ടിയെടുത്തുകൊണ്ടുപോകുന്നത് കണ്ടുനിൽക്കാൻ കഴിയില്ല. അവർ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടിയാകാം ഓക്സിജൻ സംഘടിപ്പിക്കുന്നത്. ഞാനും അത്തരത്തിൽ ശ്രമിച്ചിരുന്നു. പക്ഷേ യാതൊരു ഫലവുമുണ്ടായില്ല' -ജാദവ് പറയുന്നു.
രാവിലെ 10 മണിയോടെയാണ് വിക്കി സുഗന്ദയെ കാണാനെത്തുന്നത്. സുഗന്ദയുടെ ആരോഗ്യനില വഷളാകുകയും ഓക്സിജന്റെ അളവ് 38ലെത്തുകയും ചെയ്തിരുന്നു. അപ്പോൾ തന്നെ ഓക്സിജൻ ലഭിക്കുന്നില്ലെന്ന് അധികൃതരെ വിവരമറിച്ചു. ഉടൻ തന്നെ അധികൃതരെത്തി അവ പരിശോധിക്കുകയും ഓക്സിജൻ ചോർച്ച കണ്ടെത്തുകയുമായിരുന്നു.
ഓക്സിജൻ ചോർച്ചയെ തുടർന്ന് മൂന്നാംനിലയിൽ ഇതോടെ പരിഭ്രാന്തി പടർന്നു. അത്യാസന്ന നിലയിലായ രോഗികൾക്കായി ജീവനക്കാർ മറ്റൊരു സിലിണ്ടറുകൾ അതേസമയം തന്നെ സംഘടിപ്പിച്ചിരുന്നു. എന്നാൽ ജംബോ സിലിണ്ടറുകൾ ഉയർന്ന അളവിലുള്ള ചോർച്ചക്ക് പകരമായില്ല. ഇതോടെ ശ്വാസതടസത്തെ തുടർന്ന് അത്യാസന്ന നിലയിലായ രോഗികൾ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഡോക്ടർമാരും നഴ്സുമാരും രോഗികളുടെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചിരുന്നു. അപായ സൂചന ലഭിച്ചതോടെ രോഗികളുടെ ബന്ധുക്കൾ സ്ഥലത്തെത്തി. തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഓക്സിജൻ ലഭിക്കുന്നില്ലെന്ന് മനസിലായതോടെ മരിച്ചവരുടെ സമീപത്തുനിന്ന് ഓക്സിജൻ എടുത്തുമാറ്റാൻ താനടക്കമുള്ള ബന്ധുക്കൾ ആഹ്വാനം ചെയ്യുകയുമായിരുന്നു -വിക്കി പറഞ്ഞു.
അപകട സാധ്യത അറിഞ്ഞതോടെ പലരും തങ്ങളുടെ ബന്ധുക്കളെ ഓട്ടോറിക്ഷകളിലും സ്വകാര്യ വാഹനങ്ങളിലും മറ്റു ആശുപത്രികളിലെത്തിക്കാൻ ശ്രമിച്ചു. എന്നാൽ ഒരേ വാർഡിൽ സഹോദരനും മാതാവും ചികിത്സയിലുണ്ടായിരുന്ന നിതിൻ വേലുക്കറിനെപ്പോലുള്ളവർക്ക് അതിന് കഴിഞ്ഞില്ല.
'കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അമ്മയെ ഒരു ദിവസത്തിന് ശേഷവും സഹോദരൻ നാലുദിവസത്തിനുശേഷവും ആശുപത്രി വിടാൻ ഇരിക്കുകയായിരുന്നു. രാവിലെ ഭക്ഷണവുമായെത്തുേമ്പാൾ സഹോദരന് യാതൊരു പ്രശ്നങ്ങളുമില്ലായിരുന്നു. എന്നാൽ രണ്ടുമണിക്കൂറിന് ശേഷം കാര്യങ്ങൾ മാറിമറിഞ്ഞു. സഹായത്തിനായി അപേക്ഷിച്ച് അവൻ എന്‍റെ കൺമുന്നിൽ മരിച്ചുവീണു. എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല' -45കാരനായ സഹോദരെനക്കുറിച്ച് നിതിൻ വേലുക്കർ പറഞ്ഞു.
രോഗികളുടെ ജീവൻ രക്ഷിക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തുവെന്നായിരുന്നു ആശുപത്രി അധികൃതരുടെ പ്രതികരണം. സംഭവ സമയത്ത് 100ഓളം മറ്റു രോഗികളുടെ ജീവൻ ആശുപത്രി അധികൃതർക്ക് രക്ഷിക്കാൻ കഴിഞ്ഞതായും രോഗിയായ രാജേഷ് കനാഡെയുടെ ഭാര്യ ശ്രദ്ധ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.