നാസിക് ആള്‍ക്കൂട്ടക്കൊല: ‘കുറ്റം ചെയ്‌തെന്ന് സംശയിക്കുന്നവരെ കൊല്ലാന്‍ ആര് അധികാരം നൽകി?’
text_fieldsമുംബൈ: കുറ്റം ചെയ്തതായി സംശയിക്കുന്നയാളെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്താന്‍ അധികാരം നല്‍കുന്ന നിയമം രാജ്യത്തുണ്ടോയെന്ന ചോദ്യവുമായി നാസിക്കില്‍ ഗോ സംരക്ഷകരുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട അഫാന്റെ കുടുംബം. ശനിയാഴ്ച വൈകുന്നേരമായിരുന്നു നാസിക് സ്വദേശിയായ അഫാന്‍ അബ്ദുൽ മജീദ് അന്‍സാരിയെ ബീഫ് കടത്തിയെന്നാരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയത്.
അഫാനും സുഹൃത്തായ നാസിര്‍ ഹുസൈനും നാസിക്കില്‍നിന്നും മുംബൈയിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു സംഭവം. ധമന്‍ഗാവ് റോഡിലെ ടോള്‍പ്ലാസ ജീവനക്കാരനാണ് വാഹനത്തില്‍ മാംസം കണ്ടെത്തിയത്. ഇതിന് പിന്നാലെ 15 പേരടങ്ങുന്ന സംഘം വാഹനം തടഞ്ഞുനിര്‍ത്തുകയും ഇരുവരെയും മര്‍ദിക്കുകയുമായിരുന്നു. 'നാസിര്‍ വാഹനമോടിക്കുകയായിരുന്നു. അക്രമി സംഘം ഇരുവരെയും റോഡില്‍ തടഞ്ഞുനിര്‍ത്തുകയും അസഭ്യം പറയുകയും ചെയ്തു. പിന്നാലെ അഫാന്റെ തലയില്‍ ആയുധം വെച്ച് അടിച്ചു' -പൊലീസ് പറഞ്ഞു. ഇരുവരെയും ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഫാനെ രക്ഷിക്കാനായില്ല. നാസിര്‍ ചികിത്സയിലാണ്.
രണ്ട് പേരെ കൊലപ്പെടുത്തിയ കേസില്‍ വിചാരണത്തടവുകാരനായ അഫാന്‍ അഞ്ച് മാസമായി ജാമ്യത്തിലിറങ്ങി രണ്ട് പെണ്‍മക്കൾക്കും ഭാര്യക്കുമൊപ്പം ഖുറൈശി നഗറില്‍ താമസിച്ചു വരികയായിരുന്നു. ഇതിന് ശേഷമാണ് അഫാന്‍ മാംസക്കച്ചവടം ആരംഭിച്ചത്. കേസുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. മാംസ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
'കൊലപാതകത്തിന് പിന്നാലെ പലരും അഫാന്റെ ഭൂതകാലത്തെ കുറിച്ച് ചോദിക്കുന്നുണ്ട്. അവന്‍ അവന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ വേണ്ടി പണം സമ്പാദിക്കുക മാത്രമാണ് ചെയ്തത്. അവന്‍ ഗോ മാംസം കടത്തിയെന്ന് തന്നെ കരുതുക, ആരാണ് അവനെ കൊല്ലാനുള്ള അനുവാദം നല്‍കിയത്. തെറ്റ് ചെയ്തവരെ ജയിലിലിടുകയല്ലേ വേണ്ടത്. കൊലപ്പെടുത്താന്‍ ആരാണ് അധികാരം നല്‍കിയത്'-അഫാന്റെ കുടുംബം ചോദിക്കുന്നു.
അതേസമയം കൊലപാതകത്തിന് പിന്നാലെ ഷിന്‍ഡെ സര്‍ക്കാറിനെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നസീം ഖാന്‍ രംഗത്തെത്തിയിരുന്നു. രണ്ടാഴ്ച്ചക്കിടെ നാസിക്കില്‍ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്. ഷിന്‍ഡെ സര്‍ക്കാറിനു കീഴില്‍ സംസ്ഥാനത്ത് നിയമസംവിധാനമുണ്ടോ അതോ ഗുണ്ടാ വിളയാട്ടമാണോ നടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. രണ്ട് കൊലപാതകങ്ങളും അന്വേഷിക്കണമെന്നും കൊല്ലട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം വീതം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ജൂണ്‍ 8ന് കന്നുകാലികളെ കൊണ്ടുപോകുകയായിരുന്നു രണ്ടംഗ സംഘത്തെ ഗോരക്ഷാ ഗുണ്ടകൾ ആക്രമിച്ചിരുന്നു. ഇവരില്‍ ലുക്മാന്‍ അന്‍സാരി എന്നയാളുടെ മൃതദേഹം ജൂണ്‍ 10ന് പൊലീസ് കണ്ടെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.