ജാംനഗറിൽ ഗോഡ്സെ പ്രതിമ സ്ഥാപിച്ച് ഹിന്ദുസേന; പ്രതിമ നീക്കം ചെയ്ത് കോൺഗ്രസ്
text_fieldsഅഹ്മദാബാദ്: ഗുജറാത്ത് ജാംനഗറിൽ ഹിന്ദുസേന സ്ഥാപിച്ച മഹാത്മാഗാന്ധി ഘാതകൻ നാഥുറാം ഗോഡ്സെയുടെ പ്രതിമ തകർത്ത് കോൺഗ്രസ്. കോൺഗ്രസ് പ്രസിഡന്‍റ് ദിഗുഭ ജഡേജയുടെയും കൂട്ടാളികളുടെയും നേതൃത്വത്തിലായിരുന്നു പ്രതിമ നീക്കംചെയ്യൽ.
ചൊവ്വാഴ്ച രാവിലെ ജാംനഗറിലെത്തിയ കോൺഗ്രസ് നേതാക്കൾ പ്രതിമ തകർത്തശേഷം നീക്കം ചെയ്തു. ഗോഡ്സെയുടെ പ്രതിമക്ക് ചുറ്റും ഹിന്ദുസേന കാവി പുതപ്പിച്ചിരുന്നു.
ആഗസ്റ്റിൽ ജാംനഗറിൽ ഗോഡ്സെയുടെ പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നതാണെന്ന് ഹിന്ദുസേന പറഞ്ഞു. എന്നാൽ പ്രാദേശിക അധികാരികൾ സ്ഥലം നൽകാൻ തയാറായില്ല. തുടർന്ന് ഹനുമാൻ ക്ഷേത്രത്തിൽ സ്ഥലം കണ്ടെത്തുകയും 'നാഥുറാം അമർ രഹേ' മുദ്രാവാക്യം മുഴക്കി പ്രതിമ സ്ഥാപിക്കുകയുമായിരുന്നു.
മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ ഗോഡ്സെയെ 1949 നവംബർ 15നാണ് തൂക്കിലേറ്റിയത്. തിങ്കളാഴ്ച ഗോഡ്സെയുടെ ചരമവാർഷികം ആചരിക്കുന്നതിനിടെയാണ് ഹിന്ദുസേന പ്രതിമ സ്ഥാപിച്ചത്.
മഹാത്മാഗാന്ധിയുടെ ഘാതകനെ തൂക്കിലേറ്റിയ ഹരിയാനയിലെ അംബാല സെൻട്രൽ ജയിലിൽനിന്ന് കൊണ്ടുവന്ന മണ്ണുകൊണ്ട് നാഥുറാം ഗോഡ്സെയുടെ പ്രതിമ നിർമിക്കുമെന്ന് ഹിന്ദു മഹാസഭ പ്രഖ്യാപിച്ചിരുന്നു. 'ഗോഡ്സെയെയും നാരായൺ ആപ്തെയെയും വധിച്ച അംബാല ജയിലിൽനിന്ന് ഹിന്ദുമഹാസഭ പ്രവർത്തകർ കഴിഞ്ഞയാഴ്ച മണ്ണ് കൊണ്ടുവന്നു. ഈ മണ്ണ് ഗോഡ്സെയുടെയും ആപ്തെയുടെയും പ്രതിമ നിർമിക്കാൻ ഉപയോഗിക്കും. പ്രതിമ ഗ്വാളിയോറിലെ മഹാസഭ ഓഫിസിൽ സ്ഥാപിക്കും' -ദേശീയ വൈസ് പ്രസിഡന്‍റ് ഡോ. ജയ്വീർ ഭരത്വാജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.