സൈനികർക്കായി രാഷ്ട്രം ഒറ്റക്കെട്ടായി നിൽക്കുന്നുവെന്ന സന്ദേശം നൽകും- മോദി
text_fieldsന്യൂഡൽഹി: പാർലെമൻറിെൻറ 18 ദിന മൺസൂൺ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് അതിർത്തിയിലെ ചൈനീസ് സംഘർഷവും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സമ്മേളനത്തിന് മുമ്പായി മാധ്യമങ്ങളോട് സംസാരിച്ച മോദി പാർലെമൻറും എല്ലാ അംഗങ്ങളും രാഷ്ട്രത്തിനായി സൈനികർക്കൊപ്പം നിൽക്കുന്നുവെന്ന സന്ദേശം നൽകുമെന്ന പ്രതീക്ഷയിലാണെന്ന് അദ്ദേഹം പറഞ്ഞു.
"നമ്മുടെ സൈനികർ അവരുടെ മാതൃരാജ്യത്തെ സംരക്ഷിക്കാൻ ധൈര്യത്തോടെ, അഭിനിവേശത്തോടെ, ദൃഢനിശ്ചയത്തോടെ അതിർത്തികളിൽ നിലയുറപ്പിച്ചിരിക്കുകയാണ്. അടുത്ത ഏതാനും ദിവസങ്ങൾക്കകം മഞ്ഞുവീഴ്ചയും സംഭവിക്കാവുന്ന പ്രയാസകരമായ ഉയരത്തിലാണ് അവർ നിൽക്കുന്നത്. അതുപോലെ, പാർലമെൻറും എല്ലാ അംഗങ്ങളും ഒറ്റക്കെട്ടായി അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികരുടെ പിന്നിൽ ഉറച്ചുനിൽക്കുന്നുവെന്ന സന്ദേശം അയക്കുമെന്ന് പ്രതീക്ഷിക്കുന്നു"-പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് മഹാമാരി മൂലം പ്രത്യേക സാഹചര്യങ്ങളിലാണ് സമ്മേളനം നടക്കുന്നത്. കോവിഡ് വ്യാപനത്തിലും എം.പിമാർ തങ്ങളുടെ കടമ നിർവഹിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
മെയ് മുതലുള്ള ചൈനീസ് ആക്രമണം, യഥാർത്ഥ അതിർത്തി രേഖയിൽ ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സംഘർഷം, അതിനോടുള്ള സർക്കാർ പ്രതികരണം, കോവിഡ് പ്രതിരോധം തുടങ്ങിയ വിഷയങ്ങൾ 18 ദിവസത്തേക്ക് വെട്ടിച്ചുരുക്കിയ മൺസൂൺ സമ്മേളനത്തിൽ പ്രതിപക്ഷം ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോക്സഭയിലും രാജ്യസഭയിയിലും സാമൂഹിക അകലം പാലിച്ചാണ് എം.പിമാർ ഇരിക്കുക. വാരാന്ത്യ ദിനങ്ങളിലും പാർലമെൻറ് സമ്മേളനം നടക്കും. പരിമിതമായ സന്ദർശകരെ മാത്രമേ അനുവദിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.