മദ്രസയിൽ ദേശീയ ഗാനം നിർബന്ധം; മത പഠനത്തിന് പുറമെ എൻ.സി.ആർ.ടി വിഷയങ്ങളും നിർബന്ധമാക്കും
text_fieldsലക്നൗ: യോഗി ആദിത്യനാഥ് രണ്ടാമതും മുഖ്യമന്ത്രിയായി ഇന്ന് സ്ഥാനമേൽക്കാനിരിക്കെ പുതിയ പരിഷ്കാരങ്ങളുമായി യു.പി മദ്രസ ബോർഡ്. പ്രഭാത പ്രാർഥനകളോടൊപ്പം മദ്രസകളിൽ ദിനവും ദേശീയ ഗാനവും നിർബന്ധമാക്കി. യു.പി ബോർഡ് ഓഫ് മദ്രസ എജുക്കേഷൻ നടത്തിയ യോഗത്തിലാണ് തീരുമാനം. സ്വാതന്ത്ര ദിനത്തിൽ ദേശീയ ഗാനം ആലപിക്കുന്നതും, പതാക ഉയർത്തലും 2017ൽ ബോർഡ് നിർബന്ധമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദിവസേനയുള്ള ക്ലാസുകൾ മുൻപ് ദേശീയ ഗാനാലാപനം നിർബന്ധമാക്കിയുള്ള ഉത്തരവ്.
ചെയർപേഴ്സൺ ഇഫ്തികാർ അഹമ്മദിന്‍റെ നേതൃത്വത്തിലായിരുന്നു യോഗം നടന്നത്. സ്കൂളുകളിൽ ദേശീയ ഗാനം ആലപിക്കുന്നത് നിർബന്ധമാണ്. മദ്രസകളിലും ദേശീയ ഗാനം ആലപിക്കുന്നത് വഴി വിദ്യാർഥികൾ രാജ്യസ്നേഹം നിലനിൽക്കും. മത പഠനത്തിന് പുറമെ രാജ്യത്തിന്‍റെ ചരിത്രവും സംസ്കാരവും കുട്ടികൾക്ക് മനസ്സിലാക്കാനാകുമെന്നതും മുൻനിർത്തിയാണ് തീരുമാനമെന്നും ഇഫ്തികാർ വ്യക്തമാക്കി.
മദ്രസയിലെ പരീക്ഷകൾ, ഹാജർ, അധ്യാപക നിയമനം തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ചും യോഗത്തിൽ ചർച്ച ചെയ്തു.
മദ്രസകളിലേക്ക് നിയമിക്കപ്പെടുന്ന അധ്യാപകർ അധ്യാപക യോഗ്യത പരീക്ഷ (ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്) അടിസ്ഥാനമാക്കി മദ്രസ അധ്യാപക യോഗ്യത പരീക്ഷയിൽ വിജയിച്ചിരിക്കണം. നിയമനത്തിൽ അന്തിമ തീരുമാനം മാനേജ്മെന്‍റിന്‍റേതായിരിക്കും. വിഷയവുമായി ബന്ധപ്പെട്ട ഔദ്യോഗിക നിർദേശം സർക്കാരിന് കൈമാറുമെന്നും ഇഫ്തികാർ പറഞ്ഞു.
മദ്രസ ബോർഡ് പരീക്ഷകൾ മേയ് 14 മുതൽ 27 വരെ നടക്കും. മത പഠന വിഷയങ്ങൾക്ക് പുറമെ സാമൂഹിക ശാസ്ത്രം, മാത്തമാറ്റിക്സ്, ഹിന്ദി, ഇംഗ്ലീഷ് ഉൾപ്പെടെയുള്ള വിഷയങ്ങൾ അടുത്ത അധ്യയന വർഷം മുതൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയങ്ങൾ കൂടി ചേർക്കുന്നതോടെ ആകെ പേപ്പറുകളുടെ എണ്ണം ആറാകും. എൻ.സി.ആർ.ടി പുസ്തകങ്ങളെ അടിസ്ഥാനപ്പെടുത്തി ഓപ്ഷനലായാണ് നിലവിൽ മത ഇതര വിഷയങ്ങൾ പഠിപ്പിക്കുന്നത്. വിദ്യാർഥികൾ മുഖ്യധാര വിദ്യാഭ്യാസത്തിലേക്ക് ഉയരണമെന്നത് ചൂണ്ടിക്കാട്ടിയാണ് പുതിയ വിഷയങ്ങൾ കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.