ബജറ്റിന് ഗില്ലറ്റിൻ
text_fieldsന്യൂഡൽഹി: ഭരണപക്ഷവും പ്രതിപക്ഷവും പോരിൽ അയവില്ലെന്ന് ഒരുപോലെ വ്യക്തമാക്കിയ വ്യാഴാഴ്ച 45 ലക്ഷം കോടി രൂപയുടെ പൊതുബജറ്റ് ലോക്സഭ ഒരു ചർച്ചയുമില്ലാതെ പാസാക്കി. രണ്ടുതവണ ബഹളത്തെ തുടർന്ന് നിർത്തിവെച്ച് വൈകീട്ട് ആറിന് വീണ്ടും ചേർന്നാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ചർച്ചയില്ലാതെ ഗില്ലറ്റിൻ ആയി പാസാക്കിയത്.
ആറുമണിക്ക് സഭ മൂന്നാമതും ചേർന്നപ്പോൾ പ്രതിപക്ഷം അവതരിപ്പിച്ച ഖണ്ഡനോപക്ഷേപവും ഭേദഗതിയും ശബ്ദ വോട്ടിനിട്ട് തള്ളിയാണ് സ്പീക്കർ ഓം ബിർള ബജറ്റും ധനവിനിയോഗ ബില്ലുകളും പാസാക്കാനായി കേന്ദ്ര ധനമന്ത്രിയെ ക്ഷണിച്ചത്.
കേന്ദ്ര സർക്കാറിന്റെ മുഴുവൻ മന്ത്രാലയങ്ങളുടെയും ബജറ്റ് വിഹിതം ചർച്ചയില്ലാതെ ഒറ്റയടിക്ക് പാസാക്കാനായി സ്പീക്കർ ‘ഗില്ലറ്റിൻ’ രീതി പുറത്തെടുത്തു. പ്രതിഷേധവുമായി മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയെങ്കിലും കേവലം 12 മിനിറ്റുകൊണ്ട് എല്ലാം കഴിഞ്ഞിരുന്നു.
എല്ലാറ്റിനും സാക്ഷിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിലുണ്ടായിരുന്നു. ഗില്ലറ്റിൻ ആയി പാസാക്കിയ പൊതുബജറ്റ് രാജ്യസഭയിലേക്ക് അയക്കുമെങ്കിലും അവർ അവിടെ അംഗീകരിച്ചാലും ഇല്ലെങ്കിലും ബജറ്റ് പാസായതായി കണക്കാക്കും. വെള്ളിയാഴ്ച ധനകാര്യബില്ലുകളും ഇതുപോലെ പാസാക്കാനാണ് നീക്കം.
രാവിലെ 11 മണിക്ക് ഇരുസഭകളും സ്തംഭിച്ചു. എന്നാൽ, ഉച്ചക്ക് രണ്ടിന് വീണ്ടും ചേർന്ന രാജ്യസഭ വെള്ളിയാഴ്ചത്തേക്ക് പിരിഞ്ഞപ്പോൾ ലോക്സഭ വീണ്ടും ആറുമണിക്ക് ഇരിക്കുമെന്ന് ബിർള അറിയിക്കുകയായിരുന്നു.
ലോക്സഭയിൽ അദാനിക്കെതിരെ ജെ.പി.സി അന്വേഷണം ചർച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ ചോദ്യോത്തര വേള കഴിയാതെ അനുവദിക്കില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. തുടർന്ന് ചോദ്യത്തിന് മറുപടി നൽകാൻ മന്ത്രിയോട് ആവശ്യപ്പെട്ടുവെങ്കിലും പ്രതിപക്ഷത്തെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന് കോൺഗ്രസ് സഭാ നേതാവ് അധിർ രഞ്ജൻ ചൗധരി പരാതിപ്പെട്ടു.
ആരെയും സംസാരിക്കുന്നതിൽനിന്ന് വിലക്കിയിട്ടില്ലെന്നായിരുന്നു ബിർളയുടെ മറുപടി. രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കൂ, അദാനിയുമായുള്ള ചങ്ങാത്തം അവസാനിപ്പിക്കൂ എന്നീ മുദ്രാവാക്യങ്ങളുമായി പ്രതിഷേധം തുടങ്ങി. സഭക്കുള്ളിൽ മുദ്രാവാക്യം മുഴക്കുകയാണെങ്കിൽ രണ്ടുമണി വരെ നിർത്തിവെക്കുകയാണെന്ന് ഓം ബിർള പറഞ്ഞു. രാഹുൽഗാന്ധി മാപ്പുപറയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എം.പിമാർ തിരിച്ചും മുദ്രാവാക്യം വിളിച്ചു.
അദാനിക്കെതിരെ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് പാർലമെന്റ് മന്ദിരത്തിലേക്കുള്ള ഒന്നാം നമ്പർ ഗേറ്റിന് മുന്നിൽ പ്രതിപക്ഷം ധർണയും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.