മദ്റസകൾ പൂട്ടാൻ ശിപാർശ ചെയ്തിട്ടില്ലെന്ന് ദേശീയ ബാലാവകാശ കമീഷൻ; ‘മുസ്‍ലിം കുട്ടികൾക്ക് ഔപചാരിക വിദ്യാഭ്യാസം ലഭിക്കണം’
text_fieldsന്യൂഡൽഹി: മദ്റസകൾ പൂട്ടാൻ ശിപാർശ ചെയ്തിട്ടില്ലെന്ന് ദേശീയ ബാലാവകാശ കമീഷൻ ചെയർപേഴ്സൻ പ്രിയങ്ക് കാനൂൻഗോ. ദരിദ്രരായ മുസ്‍ലിം കുട്ടികൾക്ക് മദ്റസകൾ ഔപചാരിക വിദ്യാഭ്യാസം തടയുന്നതിനാലാണ് സർക്കാർ ധനസഹായം നിർത്താൻ ആവശ്യപ്പെട്ടത്. ദരിദ്ര സാഹചര്യത്തിൽനിന്ന് വരുന്ന മുസ്‍ലിം കുട്ടികൾക്ക് മതവിദ്യാഭ്യാസം നേടാൻ സമ്മർദമുണ്ടാകുന്നുണ്ട്. എന്നാൽ, എല്ലാ വിദ്യാർഥികൾക്കും തുല്യമായ വിദ്യാഭ്യാസം ലഭിക്കാൻ അവസരമുണ്ടാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മദ്റസകൾക്കും മദ്റസ ബോർഡുകൾക്കും സർക്കാർ ധനസഹായം നിർത്തണമെന്ന ദേശീയ ബാലാവകാശ കമീഷന്റെ ശിപാർശക്കെതിരെ രൂക്ഷ വിമർശനം ഉയർന്നതോടെയാണ് ചെയർപേഴ്സന്റെ വിശദീകരണം. കമീഷനെതിരെ സമാജ്‍വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിരുന്നു.
വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കാത്ത മദ്റസകൾക്ക് ധനസഹായം അവസാനിപ്പിക്കണമെന്ന് പ്രിയങ്ക് കാനൂൻഗോ പറഞ്ഞു. സമ്പന്ന കുടുംബങ്ങൾ മതവിദ്യാഭ്യാസവും ഔപചാരിക വിദ്യാഭ്യാസവും നൽകുന്നുണ്ട്. എന്നാൽ, ദരിദ്രരായ കുട്ടികൾക്കും ഇതേ അവസരം ലഭിക്കണം. കുട്ടികൾക്ക് ഔപചാരിക വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്തമാണ്. ദരിദ്രരായ മുസ്‍ലിം സമുദായത്തെ ശാക്തീകരിക്കുന്നത് രാജ്യത്തെ ചില വിഭാഗങ്ങൾ ഭയക്കുന്നു. മുസ്‍ലിം സമുദായത്തിൽനിന്നുള്ള വിദ്യാഭ്യാസ മന്ത്രിമാർ ഔപചാരിക വിദ്യാഭ്യാസം ലഭിക്കുന്നതിനെ നിരുത്സാഹപ്പെടുത്തിയെന്നും ബാലാവകാശ കമീഷൻ ചെയർപേഴ്സൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.