കോയമ്പത്തൂരിൽ 'ദേശീയ കയർ കോൺക്ലേവ് 2022'ന് തുടക്കം
text_fieldsകോയമ്പത്തൂർ: "ആസാദി കാ അമൃത് മഹോത്സവ"ത്തിന് കീഴിൽ കോയമ്പത്തൂർ ഹോട്ടൽ ലീ മെറിഡിയൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ദ്വിദിന 'എന്‍റർപ്രൈസ് ഇന്ത്യ നാഷണൽ കയർ കോൺക്ലേവ് 2022' വ്യാഴാഴ്ച കേന്ദ്ര ചെറുകിട വ്യവസായ മന്ത്രി നാരായൺ റാണെ ഉദ്ഘാടനം ചെയ്തു. സഹമന്ത്രി ഭാനു പ്രതാപ് സിംഗ് വർമയും മറ്റ് സംസ്ഥാന മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും സംബന്ധിച്ചു. കയർ ബോർഡ് ചെയർമാൻ ഡി.കുപ്പുരാമു അധ്യക്ഷത വഹിച്ചു.
കയർ വ്യവസായത്തിൽ നൂതനമായ സാങ്കേതിക വികാസങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും മാർഗങ്ങളും ചർച്ച ചെയ്യുന്നതിനായി കേന്ദ്ര സർക്കാരിനെയും സംസ്ഥാനങ്ങളെയും ഒരുമിപ്പിച്ച് എം.എസ്.എം.ഇ വ്യവസായ മന്ത്രാലയവും കയർ ബോർഡും ചേർന്നാണ് കയർ കോൺക്ലേവ് സംഘടിപ്പിച്ചത്.
നാളികേര ഉൽപാദന സംസ്ഥാനങ്ങളിലെ ഏഴുലക്ഷത്തിലധികം ഗ്രാമീണർക്ക് കയർ വ്യവസായം തൊഴിൽ നൽകുന്നുണ്ടെന്ന് മന്ത്രി റാണെ പറഞ്ഞു.രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കയറുൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. ഉപഭോക്തൃ- വ്യാവസായിക ആവശ്യങ്ങൾക്കായി ചകിരിയുടെ ഉപയോഗം ജനപ്രിയമാക്കുന്നതിന് കേന്ദ്രം മുൻകൈയ്യെടുക്കും. ഇതോടൊപ്പം കയറിന്‍റെ കയറ്റുമതി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കയർ മേഖലയിലെ സഹകരണ പ്രസഥാനത്തിന് കേരളം മാതൃകയാണെന്ന് എം.എസ്.എം.ഇ സഹമന്ത്രി ഭാനു പ്രതാപ് സിംഗ് വർമ്മ അഭിപ്രായപ്പെട്ടു. കേരളത്തിൽ കയർ മേഖലയുമായി ബന്ധപ്പെട്ട് 800 ഓളം സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നു. ഇടനിലക്കാരുടെ ചൂഷണം കുറക്കുകയും തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്ന കയർ മേഖലയിലെ സഹകരണ പ്രസ്ഥാനം ശക്തിപ്പെടുത്താൻ നാളികേര ഉൽപ്പാദന സംസ്ഥാനങ്ങളിലെ സർക്കാരുകളോട് അഭ്യർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യൻ കയർ വ്യവസായത്തെ ഒരു ലക്ഷം കോടി രൂപയുടെ വ്യവസായമാക്കി മാറ്റാനാണ് ലക്ഷ്യം. പി.എം.ഇ.ജി.പി പദ്ധതി പ്രകാരം 481 കയർ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് 1926.15 ലക്ഷം രൂപ കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നു. പരമ്പരാഗത വ്യവസായങ്ങളുടെ പുനരുജ്ജീവന പദ്ധതിക്ക് കീഴിൽ 141.15 കോടി രൂപ ചെലവിൽ 40 കയർ ക്ലസ്റ്ററുകൾ അനുവദിച്ചു. അതിൽ 117.05 കോടി രൂപ കേന്ദ്ര സർക്കാറിന്‍റെ ഗ്രാന്‍റാണ്. ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ അപ്ഗ്രഡേഷൻ സ്കീമിന് കീഴിൽ ആലപ്പുഴ കയർ ക്ലസ്റ്റർ വികസന പദ്ധതിക്ക് 56.8 കോടി രൂപ കേന്ദ്രം അനുവദിച്ചിരുന്നതായും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.