കശ്മീരിൽ നാഷനൽ കോൺഫറൻസും പി.ഡി.പിയും നേർക്കുനേർ
text_fieldsശ്രീനഗർ: കശ്മീരിലെ മൂന്ന് ലോക്സഭ മണ്ഡലത്തിൽ ഇൻഡ്യ സഖ്യത്തിലെ നാഷനൽ കോൺഫറൻസും പി.ഡി.പിയും മത്സരിക്കും. നാഷനൽ കോൺഫറൻസ് നേരത്തേതന്നെ മൂന്നു സീറ്റിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നാഷനൽ കോൺഫറൻസിന്റെ തീരുമാനം ഏകപക്ഷീയമാണെന്നും ഉമർ അബ്ദുല്ല നടത്തിയ പരാമർശങ്ങൾ പി.ഡി.പി പ്രവർത്തകരെ അപമാനിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയ മെഹബൂബ മുഫ്തി മൂന്ന് സീറ്റിലും പി.ഡി.പി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
സ്ഥാനാർഥികൾ സംബന്ധിച്ച് അന്തിമ തീരുമാനം പാർട്ടി പാർലമെന്ററി ബോർഡ് തീരുമാനിക്കുമെന്നും അവർ പറഞ്ഞു. കശ്മീരിൽ മത്സരിക്കുകയല്ലാതെ പാർട്ടിക്ക് വേറെ മാർഗമില്ലാതായതായി മെഹബൂബ പറഞ്ഞു. അടിച്ചമർത്തലിന്റെ അന്തരീക്ഷമാണ് കശ്മീരിൽ. എല്ലാവരും ഒന്നിച്ചു നിൽക്കേണ്ട സമയമായിരുന്നു. എന്നാൽ, നാഷനൽ കോൺഫറൻസിന്റെ ഏകപക്ഷീയമായ നിലപാട് നിരാശപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതുമായിരുന്നു. നാഷനൽ കോൺഫറൻസ് തീരുമാനമെടുക്കുംമുമ്പ് പി.ഡി.പിയുമായി കൂടിയാലോചിച്ചിരുന്നുവെങ്കിൽ കശ്മീരിന്റെ വിശാല താൽപര്യം മുൻനിർത്തി മത്സരിക്കാതിരിക്കാൻ പോലും പാർട്ടി തയാറായിരുന്നു. എന്നാൽ, തങ്ങളെ വിശ്വാസത്തിലെടുക്കാൻ തയാറായില്ല.
പി.ഡി.പിക്ക് പ്രവർത്തകരോ ജനപിന്തുണയോ ഇല്ലെന്നും അതിനാൽ അവർക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും ഉമർ അബ്ദുല്ല പറഞ്ഞത് പ്രവർത്തകരെ അപമാനിക്കുന്നതിന് തുല്യമാണ്. ഇനി എങ്ങനെ നാഷനൽ കോൺഫറൻസിനെ പിന്തുണക്കാൻ ആവശ്യപ്പെടും? ഞങ്ങൾ മത്സരിക്കും. ബാക്കി ജനം തീരുമാനിക്കട്ടെ -അവർ പറഞ്ഞു. അതേസമയം 2020ലെ ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കൗൺസിൽ (ഡി.ഡി.സി) തെരഞ്ഞെടുപ്പിനുള്ള പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷന്റെ (പി.എ.ജി.ഡി) ഘടകകക്ഷികൾ തമ്മിലുള്ള ധാരണയിൽ പി.ഡി.പി പിന്നോട്ട് പോയെന്ന് ഉമർ അബ്ദുല്ല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.