പതാക വിവാദം; മെഹബൂബയുടെ നിലപാടിനോട് യോജിക്കാതെ നാഷണൽ കോൺഫറൻസ്
text_fieldsശ്രീനഗർ: പി.ഡി.പി നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയുടെ ദേശീയ പതാകയുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തോട് യോജിക്കാതെ നാഷണൽ കോൺഫറൻസ്. രാജ്യത്തിന്‍റെ പരമാധികാരത്തിലും സമഗ്രതയിലും വിട്ടുവീഴ്ചക്കില്ലെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ദേവേന്ദർ സിങ് റാണ പറഞ്ഞു. അതിനിടെ, മെഹ്ബൂബയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് മൂന്ന് പി.ഡി.പി നേതാക്കള്‍ രാജിവച്ചു.
മെഹ്ബൂബയുടെ വിവാദ പരാമർശത്തെ കുറിച്ച് ജമ്മുവിലെ നാഷണൽ കോൺഫറൻസ് നേതാക്കൾ ഫാറൂഖ് അബ്ദുല്ലയുമായും ഉമർ അബ്ദുല്ലയുമായും സംസാരിച്ചിട്ടുണ്ടെന്നും ദേശീയ താൽപര്യങ്ങളെ ഹനിക്കുന്ന പ്രസ്താവനകൾ ഗുപ്കാർ സഖ്യത്തിലെ നേതാക്കളിൽ നിന്ന് ഉണ്ടാവില്ലെന്ന് അവർ ഉറപ്പുനൽകിയതായും ദേവേന്ദർ സിങ് വ്യക്തമാക്കി.
വെള്ളിയാഴ്ച നടത്തിയ വാർത്തസമ്മേളനത്തിലാണ് മെഹ്ബൂബയുടെ വിവാദ പരാമർശമുണ്ടായത്. ആർട്ടിക്കിൾ 370 പ്രകാരം പതാകയും പ്രത്യേക പദവിയും പുന:സ്ഥാപിക്കുന്നതുവരെ താൻ ജമ്മു കശ്മീരിൽ ദേശീയ പതാക ഉയർത്തുകയില്ലെന്നാണ് മെഹ്ബൂബ പറഞ്ഞത്. തെരഞ്ഞെടുപ്പ് നടപടികളിൽ താൽപര്യമില്ലെന്നും മെഹ്ബൂബ വ്യക്തമാക്കിയിരുന്നു.
ടി.എസ്. ബജ്‌വ, വേദ് മഹാജന്‍, ഹുസൈന്‍ എ. വഫ എന്നിവരാണ് പി.ഡി.പിയില്‍നിന്ന് രാജിവച്ചത്. പാര്‍ട്ടി അധ്യക്ഷ മെഹ്ബൂബ മുഫ്തിക്ക് മൂവരും രാജിക്കത്ത് അയച്ചു. മെഹ്ബൂബയുടെ ചില നടപടികളോടും ദേശസ്‌നേഹത്തെ മുറിവേല്‍പ്പിക്കുന്ന പരാമര്‍ശങ്ങളോടും യോജിക്കാന്‍ കഴിയുന്നില്ലെന്ന് രാജിക്കത്തില്‍ വ്യക്തമാക്കുന്നു.
ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പുതിയതായി രൂപംകൊണ്ട ഗുപ്കാർ സഖ്യത്തിന്‍റെ ഭാഗമാണ് പി.ഡി.പിയും നാഷണൽ കോൺഫറൻസും.
അതേസമയം, മെഹ്ബൂബയുടെ പ്രസ്താവന കശ്മീരിൽ ബി.ജെ.പി രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാൻ ഒരുങ്ങുകയാണ്. മെഹ്ബൂബ ദേശവിരുദ്ധവും ഭരണഘടനവിരുദ്ധവുമായ പരാമർശങ്ങൾ നടത്തിയെന്നും അവരുടെ പാർട്ടിയുടെ അംഗീകാരം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് രാഷ്ട്രീയകാര്യ ചുമതലയുള്ള മുതിർന്ന ബി.ജെ.പി നേതാവ് അശ്വനി കുമാർ ചുംഗൂ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.