ഇന്ത്യൻ മൂല്യങ്ങളും ധാർമികതയുമുള്ള വിദ്യാഭ്യാസ നയം വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് രാഷ്ട്രപതി
text_fieldsനാഗ്പൂർ: ഇന്ത്യൻ മൂല്യങ്ങളും ധാർമികതയുമുള്ള ഒരു വിദ്യാഭ്യാസ നയം വികസിപ്പിക്കുക എന്നതാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ലക്ഷ്യമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. അത് ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകുമെന്നും ഇന്ത്യയെ ആഗോള വിജ്ഞാനശക്തിയാക്കി മാറ്റുമെന്നും രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രസന്ത് തുക്കടോജി മഹാരാജ് നാഗ്പൂർ സർവകലാശാലയുടെ 111-ാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ദ്രൗപതി മുർമു.
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി നിക്ഷേപിക്കുന്നത് രാജ്യത്തിന്റെ പുരോഗതിയിലെ ഏറ്റവും മൂല്യവത്തായ നിക്ഷേപമാണെന്ന് മുർമു ചൂണ്ടിക്കാട്ടി. സർവകലാശാലയിൽ നിന്ന് ബിരുദധാരികളായ പകുതിയിലേറെ വിദ്യാർഥികളും പെൺകുട്ടികളാണെന്നുള്ളതിൽ തനിക്ക് സന്തോഷമുണ്ടെന്നും മുർമു വ്യക്തമാക്കി.
സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് ഡീപ് ഫേക്കുകൾ നിർമിക്കുന്നത് സമൂഹത്തിന് ഭീഷണിയാണ്. ഇപ്പോൾ എല്ലാ യുവാക്കളും സാങ്കേതികവിദ്യയെ മനസിലാക്കുകയും അത് ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഏത് വിഭവവും നല്ല രീതിയിൽ ഉപയോഗിക്കാനും ദുരുപയോഗം ചെയ്യാനും കഴിയും. സാങ്കേതികവിദ്യയുടെ കാര്യത്തിലും ഇത് സത്യമാണ്. അത് ശരിയായി ഉപയോഗിച്ചാൽ സമൂഹത്തിനും രാജ്യത്തിനും ഗുണം ചെയ്യുമെന്നും ദുരുപയോഗം ചെയ്യുന്നത് മനുഷ്യരാശിയെ പ്രതികൂലമായി ബാധിക്കുമെന്നും ദ്രൗപതി മുർമു ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.